ആലുവയില്‍ എട്ട് വയസുകാരിയെ ബലാത്സംഗം ചെയ്ത സംഭവം; 1262 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്

ആലുവയില്‍ മാതാപിതാക്കള്‍ക്കൊപ്പം വീട്ടില്‍ ഉറങ്ങിക്കിടന്ന എട്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ 1262 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചു. തിരുവനന്തപുരം ചെങ്കല്‍ സ്വദേശി ക്രിസ്റ്റിന്‍ രാജ് ആണ് കേസിലെ ഒന്നാം പ്രതി. ബീഹാര്‍ സ്വദേശിയായ പ്രതിയുടെ സുഹൃത്ത് മുഷ്താഖ് കേസില്‍ രണ്ടാം പ്രതിയാണ്.

115 സാക്ഷികളുള്ള കേസില്‍ 30 രേഖകളാണ് പൊലീസ് പ്രതികള്‍ക്കെതിരെ ഹാജരാക്കുക. തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, മോഷണം, ദേഹോപദ്രവം എന്നീ വകുപ്പുകളാണ് ക്രിസ്റ്റിന്‍ രാജിനെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബര്‍ 7ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. ആലുവയില്‍ അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി രണ്ട് മാസം പിന്നിടുമ്പോഴായിരുന്നു എട്ട് വയസുകാരിയ്ക്ക് നേരെ അതിക്രമം നടന്നത്.

രാത്രിയില്‍ കുട്ടിയുടെ കരച്ചില്‍ കേട്ടതായി സംശയം തോന്നിയ അയല്‍വാസി നടത്തിയ തിരച്ചിലിനൊടുവിലാണ് ചോരയൊലിപ്പിച്ച് നിലവിളിച്ചുകൊണ്ട് വരുന്ന കുട്ടിയെ കണ്ടെത്തിയത്. വീട്ടില്‍ അതിഥി തൊഴിലാളികളായ മാതാപിതാക്കള്‍ക്കൊപ്പം കിടന്നുറങ്ങിയ കുട്ടിയെ പ്രതി വീടിനുള്ളില്‍ കടന്ന് തട്ടിക്കൊണ്ടുപോയാണ് പീഡിപ്പിച്ചത്.

ജനാലയിലൂടെ കൈ കടത്തി വാതില്‍ തുറന്ന പ്രതി കുട്ടിയുമായി പുറത്തിറങ്ങിയശേഷം വാതില്‍ പുറത്തുനിന്ന് പൂട്ടി കടന്നുകളയുകയായിരുന്നു. ഇതേ തുടര്‍ന്ന് ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്. സിസിടിവിയില്‍ നിന്ന് പ്രതിയുടെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. പൊലീസ് നടത്തിയ വ്യാപക തിരച്ചിലിനൊടുവില്‍ പ്രതി മാര്‍ത്താണ്ട വര്‍മ്മ പാലത്തിനടിയില്‍ ഒളിച്ചിരിക്കുന്നതായി കണ്ടെത്തിയിരുന്നു.

പൊലീസ് പിടികൂടുമെന്ന് മനസിലാക്കിയതോടെ നദിയിലേക്ക് ചാടിയ പ്രതിയെ നാട്ടുകാരുടെ സഹായത്തോടെയാണ് പൊലീസ് പിടികൂടിയത്. നിരവധി മോഷണ കേസുകളിലെ പ്രതിയാണ് ക്രിസ്റ്റിന്‍ രാജ്. എറണാകുളം പോക്‌സോ കോടതിയിലാണ് ഇയാള്‍ക്കെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ആലുവയില്‍ അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതി അസഫാഖ് ആലത്തിന് കോടതി വധശിക്ഷയാണ് വിധിച്ചത്.