'ആരെയും തല്ലും അനൂപ്'; ഓട്ടോ ഡ്രൈവറെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ വൈറല്‍; പിന്നാലെ സസ്‌പെന്‍ഷന്‍

കാസര്‍ഗോഡ് ഓട്ടോ ഡ്രൈവര്‍ അബ്ദുള്‍ സത്താര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണവിധേയനായ എസ്‌ഐ പി അനൂപിന് സസ്‌പെന്‍ഷന്‍. ഓട്ടോ ഡ്രൈവറായ നൗഷാദിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഇയാള്‍ക്കെതിരെ നടപടി ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ജൂണില്‍ നടന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

നേരത്തെ ഓട്ടോ ഡ്രൈവര്‍ അബ്ദുള്‍ സത്താര്‍ ആത്മഹത്യ ചെയ്തതിന് പിന്നാലെ ഓട്ടോ തൊഴിലാളികള്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അനൂപിനെ സ്ഥലം മാറ്റിയത്. അബ്ദുള്‍ സത്താറിന്റെ ആത്മഹത്യയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ഓട്ടോ ഡ്രൈവറായ നൗഷാദിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്. യാത്രക്കാരന്‍ നല്‍കിയ പരാതിയില്‍ സ്റ്റേഷനിലെത്തി ഉദ്യോഗസ്ഥരെ കണ്ടുവെന്നും അതിന് ശേഷം ഫോണ്‍ എടുക്കാനായി സ്‌റ്റേഷന് പുറത്ത് നിര്‍ത്തിയിട്ട ഓട്ടോ റിക്ഷയുടെ സമീപത്തേക്ക് പോയപ്പോള്‍ മര്‍ദ്ദിച്ചെന്നുമാണ് പരാതി.

Read more

അനൂപിനെതിരെ നൗഷാദ് പൊലീസ് കംപ്ലയിന്റ് സെല്‍ അതോറിറ്റിയില്‍ പരാതി നല്‍കിയിരുന്നു. പുറത്തുവന്ന ദൃശ്യങ്ങള്‍ ഇതോടകം സോഷ്യല്‍ മീഡിയകളില്‍ വൈറലായിട്ടുണ്ട്. വ്യാപക പ്രതിഷേധമാണ് അനൂപിനെതിരെ ഉയരുന്നത്.