അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം; മൂന്നുദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു

അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശു മരണം. പുതൂര്‍ നടുമുള്ളി ഊരിലെ ഈശ്വരി കുമാറിന്റെ മൂന്ന് ദിവസം പ്രായമുള്ള ആണ്‍കുഞ്ഞാണ് മരിച്ചത്. കോട്ടത്തറ ട്രൈബല്‍ സ്‌പെഷാലറ്റി ആശുപത്രിയില്‍ ചികിത്സയിലിരിക്കുകയായിരുന്നു.

ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യത്തെ ശിശുമരണം ആണിത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം 9 കുഞ്ഞുങ്ങളാണ് മരിച്ചത്. അടുത്തടുത്ത ദിവസങ്ങളില്‍ നാല് കുഞ്ഞുങ്ങള്‍ വരെ മരിച്ച സന്ദര്‍ഭം ഉണ്ടായിട്ടുണ്ട്. തുടര്‍ച്ചയായി നവജാത ശിശുക്കളുടെ മരണം സംഭവിക്കാന്‍ തുടങ്ങിയതോടെ ഇത് വിവാദങ്ങള്‍ക്ക് കാരണമായി. തുടര്‍ച്ചയായ ശിശു മരണത്തിന്റെ പശ്ചാത്തലത്തില്‍ അട്ടപ്പാടിക്കായി കര്‍മ്മപദ്ധതി തയ്യാറാക്കുമെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു.

Read more

കോട്ടത്തറ ട്രൈബല്‍ ആശുപത്രിയിലെ സൗകര്യങ്ങളിലെ അപര്യാപ്തതയാണ് ശിശുമരണങ്ങള്‍ കൂടുന്നതിന് കാരണം എന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
ഗര്‍ഭിണികള്‍ക്ക് ആവശ്യമായ പോഷകാഹാരം കിട്ടുന്നില്ല. ചെറിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് വേണ്ട ചികിത്സ നല്‍കാന്‍ പോലും ആശുപത്രിയില്‍ സൗകര്യം ഇല്ലെന്ന് ട്രൈബല്‍ ആശുപത്രിയിലെ സൂപ്രണ്ടും വ്യക്തമാക്കിയിരുന്നു. ശിശുമരണത്തെ തുടര്‍ന്ന് പ്രതിപക്ഷ നേതാക്കളും ആരോഗ്യമന്ത്രിയും അടക്കമുള്ളവര്‍ അട്ടപ്പാടി സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ.പ്രഭുദാസിനെ തല്‍സ്ഥാനത്ത് നിന്നും മാറ്റുകയും അട്ടപ്പാടിക്കായി കര്‍മ പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.