ട്രംപിനെ വധിക്കാൻ പണം കണ്ടെത്താനായി മാതാപിതാക്കളെ കൊന്നു; പതിനേഴുകാരൻ പിടിയിൽ

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാൻ പണം കണ്ടെത്തുന്നതിനായി മാതാപിതാക്കളെ വധിച്ച് മകൻ. പതിനേഴുകാരനായ നികിത കാസപ്പ് ആണ് പിടിയിലായത്. ടാറ്റിയാന കാസപ്പ്(35), ഡൊണാൾഡ് മേയർ(51) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ വിസ്‌കോൺസിൽവെച്ചായിരുന്നു സംഭവം.

വെടിവെച്ചാണ് നികിത കാസപ്പ് മാതാപിതാക്കളെ കൊലപ്പെടുത്തിയത്. കൊലയ്കക്ക് ശേഷം മാതാപിതാക്കളുടെ അഴുകിയ മൃതദേഹങ്ങൾക്കൊപ്പം ഇയാൾ ആഴ്ചകളോളം താമസിച്ചു. ഇതിന് പിന്നാലെ 14,000 ഡോളറും പാസ്പോർട്ടുകളും വളർത്ത് നായയുമായി രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ മാസം കാൻസാസിൽ വെച്ചാണ് ഇയാൾ അറസ്റ്റിലായത്.

അമേരിക്കൻ പ്രസിഡന്റിനെ വധിക്കണമെന്ന് ആവശ്യപ്പെട്ട് കാസപ്പ് ഒരു മാനിഫെസ്റ്റ് എഴുതിയിരുന്നു. പ്രസിഡന്റിനെ കൊല്ലാനും അമേരിക്കൻ സർക്കാരിനെ അട്ടിമറിക്കാനുമുള്ള തന്റെ പദ്ധതിയെക്കുറിച്ച് ഇയാൾ ചിലരുമായി ചർച്ച നടത്തിയതായി റിപ്പോർട്ടുകളുണ്ട്. റഷ്യക്കാരനുമായി അടുത്ത ബന്ധമുണ്ടായിരുന്ന നികിത തന്റെ പദ്ധതികളെക്കുറിച്ച് ഇയാളുമായി ചർച്ച നടത്തിയിരുന്നതായും വിവരമുണ്ട്.