പാതിവില തട്ടിപ്പുകേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാൻ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയ ബിജെപി വൈസ് പ്രസിഡന്റ് എഎന്‍ രാധാകൃഷ്ണന്‍ മാധ്യമങ്ങളെ കണ്ടതോടെ മടങ്ങിപ്പോയി. ചോദ്യം ചെയ്യലിനായി ചൊവ്വാഴ്ച രാവിലെ പതിനൊന്നുമണിക്ക് ഹാജരാകാനാണ് രാധാകൃഷ്ണനോട് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നത്. തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസിലാണ് രാധാകൃഷ്ണന്‍ എത്തിയത്.
എഎന്‍ രാധാകൃഷ്ണന്‍ നേതൃത്വം നല്‍കുന്ന സൈന്‍ സൊസൈറ്റിയുടെ ഇടപാടുകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കാണ് ക്രൈംബ്രാഞ്ച് വിളിപ്പിച്ചത്. രാധാകൃഷ്ണന്‍ ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തുന്ന സമയത്ത് മാധ്യമങ്ങള്‍ അവിടെയുണ്ടായിരുന്ന ക്രൈംബ്രാഞ്ച് ഐജി എ അക്ബറിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു.
ഇത് കണ്ട രാധാകൃഷ്ണന്‍ ഉടൻ തന്നെ കാര്‍ റിവേഴ്‌സെടുത്ത് അവിടെ നിന്ന് മടങ്ങുകയായിരുന്നു. ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട കൃത്യസമയത്തുതന്നെ രാധാകൃഷ്ണന്‍ ക്രൈംബ്രാഞ്ച് ഓഫീസിനുമുന്നിലെത്തിയിരുന്നു.