വിജയ് നായരെ കൈയേറ്റം ചെയ്ത കേസ്; ഭാഗ്യലക്ഷ്മി അടക്കം മൂന്ന് പേരുടെയും മുൻകൂർ ജാമ്യാപേക്ഷ തള്ളി

യൂട്യൂബ് വീഡിയോയിലൂടെ സാമൂഹിക-സാംസ്‌കാരിക-സിനിമ മേഖലകളിലെ സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ വിജയ് നായരെ കൈയേറ്റം ചെയ്ത സംഭവത്തില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അടക്കമുള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം ജില്ലാ കോടതിയാണ് വിധി പ്രസ്താവിച്ചത്.

ഭാഗ്യലക്ഷ്മിയെ കൂടാതെ, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരാണ് കേസിലെ പ്രതികള്‍. മോഷണം, മുറിയില്‍ അതിക്രമിച്ചു കടക്കല്‍ തുടങ്ങി അഞ്ചു വര്‍ഷം തടവു ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഭാ​ഗ്യലക്ഷ്മി അടക്കമുള്ള പ്രതികൾക്ക് മുൻകൂർ ജാമ്യം നൽകുന്നതിനെ സർക്കാർ എതിർത്തിരുന്നു.  ഇവര്‍ക്ക് ജാമ്യം നല്‍കുന്നത് നിയമം കൈയിലെടുക്കുന്നതിന് പ്രചോദനമാകുമെന്നു ചൂണ്ടിക്കാണിച്ചാണ് ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തത്. അശ്ലീല വീഡിയോ പോസ്റ്റ് ചെയ്ത കേസിൽ അറസ്റ്റിലായ വിജയ് പി നായരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.