സ്വന്തം കുഞ്ഞിനെ വെട്ടിനുറുക്കാന്‍ കാമുകന് കൂട്ടുനിന്ന അനുശാന്തിയ്ക്ക് ഇരട്ട ജീവപര്യന്തം; നിനോ മാത്യുവിന്റെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചു; 25 വര്‍ഷം പരോളില്ലാതെ ശിക്ഷ

ആറ്റിങ്ങല്‍ ആലംകോട് വയോധികയെയും ചെറുമകളെയും വീട്ടില്‍ കയറി കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതി നിനോ മാത്യുവിന്റെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചു. കേസിലെ രണ്ടാം പ്രതി അനുശാന്തിയുടെ ഇരട്ട ജീവപര്യന്തം കോടതി ശരിവച്ചു. നിനോ മാത്യു 25 വര്‍ഷം പരോളില്ലാതെ ശിക്ഷ അനുഭവിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

അനുശാന്തി നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ പിവി സുരേഷ്‌കുമാര്‍, ജോണ്‍സണ്‍ ജോണ്‍ എന്നിവരുള്‍പ്പെട്ട ബഞ്ച് വിധി പറഞ്ഞത്. 2014 ഏപ്രില്‍ 26ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ ജീവനക്കാരായിരുന്നു അനുശാന്തിയും നിനോ മാത്യുവും.

ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു. ഒരുമിച്ച് ജീവിക്കാന്‍ അനുശാന്തിയുടെ കുടുംബം തടസമാണെന്ന് മനസിലാക്കിയ ഇരുവരും ചേര്‍ന്ന് കുടുംബത്തെ വകവരുത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് അനുശാന്തിയുടെ അറിവോടെയും നിര്‍ദ്ദേശം അനുസരിച്ചും നിനോ മാത്യു അനുശാന്തിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി ഭര്‍തൃമാതാവിനെയും നാലുവയസുകാരി മകളെയും വെട്ടി കൊലപ്പെടുത്തുകയായിരുന്നു.

അനുശാന്തിയുടെ ഭര്‍ത്താവിനെയും കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ വീടിന് പുറത്തേക്കിറങ്ങി ഓടിയതുകൊണ്ട് രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഇരു പ്രതികളെയും പൊലീസ് പിടികൂടി ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കി. അറേബ്യയിലെ മുഴുവന്‍ സുഗന്ധലേപനങ്ങള്‍ കൊണ്ട് കൈ കഴുകിയാലും പാപക്കറ മാറില്ലെന്നായിരുന്നു അനുശാന്തിയെ കുറിച്ച് അന്ന് കോടതി പറഞ്ഞത്.

സ്വന്തം മകളെ വകവരുത്താന്‍ കാമുകന് കൂട്ടുനിന്ന അനുശാന്തി മാതൃത്വത്തിന് അപമാനമാണെന്നും കോടതി വ്യക്തമാക്കിയിരുന്നു. വിചാരണയ്ക്കിടയില്‍ താന്‍ നിരപരാധിയാണെന്നും നിനോ മാത്യുവിന്റെ പദ്ധതിയായിരുന്നു കൊലപാതകമെന്നും അനുശാന്തി കോടതിയെ അറിയിച്ചു. എന്നാല്‍ അനുശാന്തി കൊലപാതകത്തിന് ഗൂഢാലോചന നടത്തിയതിന്റെ തെളിവുകള്‍ അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

ഇതോടെ അനുശാന്തിയുടെ ആ വാദവും പൊളിഞ്ഞു. തുടര്‍ന്ന് ജയിലില്‍ കഴിഞ്ഞ കാലത്ത് അനുശാന്തിയ്ക്ക് കുട്ടികളുടെ വസ്ത്രങ്ങള്‍ നിര്‍മ്മിക്കുന്ന തൊഴിലില്‍ ഏര്‍പ്പെടേണ്ടി വന്നതും സാമൂഹ്യ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വലിയ ചര്‍ച്ചയായിരുന്നു.