കോടതിയെ സമീപിച്ചവര്‍ യഥാര്‍ത്ഥ ഭക്തരല്ല; ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട്‌ അരയ സമാജം സുപ്രീം കോടതിയില്‍

ശബരിമല ദര്‍ശനത്തിന് പൊലീസ് സംരക്ഷണം അനുവദിക്കണം എന്ന രഹ്ന ഫാത്തിമയുടെയും ബിന്ദു അമ്മിണിയുടെയും ആവശ്യം അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് അരയ സമാജം സുപ്രീം കോടതിയെ സമീപിച്ചു. രഹ്ന ഫാത്തിമ നല്‍കിയ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ ആണ് അരയ സമാജം സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കിയത്.

ശബരിമല സന്ദര്‍ശിക്കാന്‍ കോടതിയെ സമീപിച്ചവര്‍ യഥാര്‍ത്ഥ ഭക്തരല്ലെന്നാണ് അപേക്ഷയില്‍ അരയ സമാജം പറയുന്നത്. “സ്വാര്‍ത്ഥ താത്പര്യങ്ങള്‍ ഉള്ള രാഷ്ട്രീയ ആക്ടിവിസ്റ്റുകള്‍ ആണെന്നും അവരുടെ ലക്ഷ്യം പ്രശസ്തി ആണെന്നും അരയ സമാജം ചൂണ്ടിക്കാണിക്കുന്നു. ബലം പ്രയോഗിച്ച് യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിച്ചാല്‍ അത് ശബരിമലയിലും സംസ്ഥാനത്തും നിലനില്‍ക്കുന്ന സമാധാന അന്തരീക്ഷം തകര്‍ക്കുമെന്നും അരയ സമാജം അപേക്ഷയില്‍ പറയുന്നു.

ശബരിമല യുവതീ പ്രവേശന വിഷയം, മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശനം, പാഴ്‌സി സ്ത്രീകളുടെ ആരാധനാവകാശം തുടങ്ങിയ വിഷയങ്ങള്‍ സുപ്രീം കോടതിയിലെ ഏഴംഗ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ട വിഷയങ്ങള്‍ ആണ്. ഇവയുടെ തീരുമാനം വന്ന ശേഷമേ ശബരിമല പുനഃപരിശോധന ഹര്‍ജികളില്‍ അന്തിമ തീരുമാനം ഉണ്ടാവുകയുള്ളൂ.

Read more

അതിനാല്‍ ഇപ്പോള്‍ തിരക്കിട്ട് ശബരിമലയിലേക്ക് യുവതീ പ്രവേശനം അനുവദിക്കരുത്. യുവതീ പ്രവേശനം തിരക്കിട്ട് അനുവദിച്ചാല്‍ ഹിന്ദു സമൂഹത്തില്‍ ഉണ്ടാകുന്ന മുറിവ് പിന്നീട് ശമിപ്പിക്കാന്‍ കഴിയില്ലെന്നും അരയ സമാജം അപേക്ഷയില്‍ അവകാശപ്പെടുന്നു.