യുഎസിൽ അഞ്ചാംപനി പടരുന്നു; 2000ൽ നിർമാർജനം ചെയ്ത രോഗം തിരികെ വന്നത് വാക്സിനേഷൻ കുറഞ്ഞതിലൂടെ, 700ലധികം പേർ ചികിത്സയിൽ

യുഎസിൽ അഞ്ചാംപനി അഥവാ മീസിൽസ് പടർന്നുപിടിക്കുന്നു. വായുവിലൂടെ പകരുന്ന ഈ പകർച്ചവ്യാധി 2000ൽ യുഎസിൽ നിർമാർജനം ചെയ്യപ്പെട്ടതായി പ്രഖ്യാപിച്ചതാണ്. എന്നാൽ ഇപ്പോൾ വിവിധ ന​ഗരങ്ങളിലായി 700ലധികം പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചിരിക്കുന്നത്. വാക്സിനേഷൻ നിരക്ക് കുറഞ്ഞതാണ് രോഗം വീണ്ടും വരാൻ കാരണമായതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

വാക്സിൻ അവതരിപ്പിക്കുന്നതിന് മുമ്പ് 48,000ത്തോളം ആളുകളെ അഞ്ചാംപനി ബാധിച്ച് യുഎസിലെ ആശുപത്രികളിൽ പ്രവേശിപ്പിക്കാറുണ്ടായിരുന്നു. 400- 500 പേർ വരെ അക്കാലങ്ങളിൽ മരിക്കുകയും ചെയ്തു. 2024ൽ യുഎസിലെ ആകെ അഞ്ചാംപനി ബാധിതരുടെ എണ്ണം 285 ആയിരുന്നു.

എംഎംആർ വാക്‌സിനാണ് അഞ്ചാംപനിയ്ക്കായുള്ള പ്രതിരോധ വാക്‌സിൻ. അഞ്ചാംപനി തടയുന്നതിന് രണ്ട് ഡോസ് വാക്സിനുകൾ എടുക്കേണ്ടതുണ്ടെന്നാണ് യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ (സിഡിസി) നൽകുന്ന നിർദേശം. ഒരു വയസ് മുതൽ 15 മാസം വരെ പ്രായമുള്ള കുട്ടികൾക്കാണ് എംഎംആർ വാക്‌സിന്റെ ആദ്യ ഡോസ് നൽകുക. നാല് വയസിനും ആറ് വയസിനുമിടയിൽ പ്രായമുള്ള കുട്ടികൾക്ക് രണ്ടാം ഡോസ് വാക്‌സിൻ നൽകുന്നതോടെ സംരക്ഷണം ഉയരും.

രണ്ട് വാക്സിനുകളും എടുക്കുന്നത് രോ​ഗത്തെ തടയുന്നതിൽ 97 ശതമാനംവരെ ഫലപ്രദമാണ്. ഒരു ഡോസ് മാത്രമെടുക്കുന്നത് 93 ശതമാനംവരെയും രോ​ഗത്തിൽ നിന്ന് സംരക്ഷണമേകും. എന്നാൽ, ഇത്തവണ വാക്സിനേഷൻ എടുത്തവർക്ക് രോ​ഗം പിടിപെടുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എംഎംആർ വാക്‌സിനെടുക്കേണ്ട കുട്ടികളിൽ മൂന്നിലൊന്നുപേർക്കു വാക്‌സിൻ ലഭിച്ചിട്ടില്ലെന്ന് യുഎസ് മാധ്യമമായ സിഎൻഎൻ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

മിക്‌സോ വൈറസ് വിഭാഗത്തിൽ പെടുന്ന മോർബിലി വൈറസ് ഉണ്ടാക്കുന്ന അസുഖമാണ് അഞ്ചാംപനി. അസുഖമുള്ള ഒരാളുടെ കണ്ണിൽ നിന്നുള്ള സ്രവത്തിൽ നിന്നോ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ഉണ്ടാകുന്ന കണങ്ങൾ വഴിയോ രോഗപ്പകർച്ചയുണ്ടാകാം. മുഖാമുഖം സമ്പർക്കം വേണമെന്നില്ല. ഒരു രോഗിയുടെ സ്രവങ്ങളുമായി സമ്പർക്കമുണ്ടായ 90 ശതമാനം ആൾക്കാർക്കും അഞ്ചാം പനി പിടിപെടാം.

പനിയാണ് ആദ്യത്തെ ലക്ഷണം. ചുമ, കണ്ണ് ചുവക്കൽ, ജലദോഷം എന്നിവയും ഉണ്ടാകും. അതു കഴിഞ്ഞു നാലു ദിവസം പിന്നിടുമ്പോഴേക്കും ചെവിയുടെ പുറകിൽ നിന്നു തുടങ്ങി മുഖത്തേക്ക് പടർന്നു ശേഷം ദേഹമാസകലം ചുവന്ന പൊടുപ്പുകൾ കാണപ്പെടും. അപ്പോഴേക്കും പനി പൂർണമായും ഭേദമാകും. കൂടാതെ വയറിളക്കം, ഛർദി, ശക്തമായ വയറുവേദന, അപ്പെന്റിക്‌സിന്റെ പഴുപ്പ് തുടങ്ങിയവ ഉണ്ടാകാം. വയറിളക്കം കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ നിർജലീകരണം മൂലം മരണം വരെ സംഭവിക്കാം.