അരിക്കൊമ്പന്‍ തമിഴ്‌നാട്ടിലേക്ക് കടന്നാല്‍ കേരളത്തിലേക്ക് ഓടിച്ച് വിടും; ചിന്നക്കനാലില്‍ തിരിച്ചെത്താന്‍ സാദ്ധ്യത

അതിര്‍ത്തിയിലെ വനമേഖലയില്‍ ചുറ്റിത്തിരിഞ്ഞ് അരിക്കൊമ്പന്‍. ആനയെ ഇന്നലെ തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്നുള്ള മാവടി ഭാഗത്താണ് സാറ്റലൈറ്റ് റേഡിയോ കോളര്‍ സിഗ്നലുകള്‍ വഴി കണ്ടെത്തിയത്. തമിഴ്‌നാട് വനമേഖലയിലെ മണ്ണാത്തിപ്പാറയിലേക്ക് കടന്ന ശേഷം പെരിയാര്‍ വനത്തിലേക്ക് തിരികെ എത്തുകയായിരുന്നു.

കഴിഞ്ഞ ദിവസം അരിക്കൊമ്പന്‍ എത്തിയ വണ്ണാത്തിപ്പാറയില്‍ നിന്ന് അഞ്ചു കിലോമീറ്ററിനപ്പുറം തമിഴ്‌നാട്ടിലെ ജനവാസമേഖലയാണ്. ആന ഇവിടേക്ക് കടക്കുന്നുണ്ടോ എന്ന് തമിഴ്‌നാട് വനം വകുപ്പും നിരീക്ഷിക്കുന്നുണ്ട്. തമിഴ്‌നാട്ടിലെ ജനവാസ മേഖലകളിലേക്ക് കടന്നാല്‍ കേരളത്തിലേക്ക് ഓടിച്ചു വിടാനും അങ്ങനെയെങ്കില്‍ അരിക്കൊമ്പന്‍ ചിന്നക്കനാലിലേക്ക് തന്നെ തിരിച്ചെത്താനും സാദ്ധ്യതയുണ്ട്. അങ്ങനെ വന്നാല്‍ പടക്കം പൊട്ടിച്ച് കാടുകയറ്റാനും വനം വകുപ്പ് ആലോചന തുടങ്ങി.

Read more

ജനവാസമേഖലയില്‍ എത്തുന്നതിന് വളരെ മുമ്പ് തന്നെ വിവരം വനം വകുപ്പിന് ലഭിക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. ചിന്നക്കനാലിലേക്ക് തിരിച്ചുവരാനുള്ള സാദ്ധ്യത കുറവാണ്. കൂടുതല്‍ അനുയോജ്യമായ സ്ഥലത്താണ് അരിക്കൊമ്പന്‍ ഇപ്പോള്‍ നിലയുറപ്പിച്ചിരിക്കുന്നത് എന്ന് വിദഗ്ധരും പറയുന്നുണ്ട്.