'ദിവ്യ യോഗത്തിനെത്തിയത് കരുതിക്കൂട്ടി, അന്വേഷണത്തോട് സഹകരിക്കാതെ ഒളിവിൽ പോയി'; റിമാൻഡ് റിപ്പോർട്ട് പുറത്ത്

കണ്ണൂർ എഡിഎം നവീൻ ബാബുവിൻ്റെ യാത്രയയപ്പ് യോഗത്തിലേക്ക് ദിവ്യ എത്തിയത് കരുതിക്കൂട്ടിയെന്ന് റിമാൻഡ് റിപ്പോർട്ട്. പ്രസംഗം ചിത്രീകരിക്കാൻ ഏർപ്പാട് ചെയ്തത് ദിവ്യയാണ്. കരുതിക്കൂട്ടി അപമാനിക്കാൻ യോഗത്തിനെത്തിയെന്നും പ്രത്യാഘാതം അറിയാമെന്നു ഭീഷണി സ്വരത്തിൽ പറഞ്ഞുവെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ഇക്കാര്യങ്ങൾ വ്യക്തമാക്കുന്ന റിമാൻഡ് റിപ്പോർട്ടാണിപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

ക്രിമിനൽ മനോഭാവം വെളിവായിട്ടുണ്ടെന്നും വ്യക്തമാക്കുന്ന റിമാൻഡ് റിപ്പോർട്ടിൽ പെട്രോൾ പമ്പുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിട്ടില്ലെന്നും ദിവ്യ അന്വേഷണത്തോട് സഹകരിച്ചില്ലെന്നും പറയുന്നുണ്ട്. കുറ്റവാസനയോടും ആസൂത്രണ മനോഭാവത്തോടും കൂടി കുറ്റകൃത്യം നേരിട്ട് നടപ്പിൽ വരുത്തിയെന്നും അന്വേഷണതോട് സഹകരിക്കാതെ ഒളിവിൽ കഴിഞ്ഞെന്നും റിപ്പോർട്ടിലുണ്ട്.

നവീൻ ബാബുവിനെ അപമാനിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചു. ഇത് എഡിഎമ്മിന് കടുത്ത മാനസിക പ്രയാസമുണ്ടാക്കി. ക്രിമിനൽ മനോഭാവം വെളിവായി. കുറ്റവാസനയോടും ആസൂത്രണതോടും കൂടിയാണ് ദിവ്യ എത്തിയത്. ദിവ്യ മുൻപ് പല കേസുകളിലും പ്രതിയാണെന്നുമുൾപ്പെടെ ഗുരുതര ആരോപണങ്ങളാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്.

ഉപഹാര വിതരണത്തിൽ പങ്കെടുക്കാത്തത് ക്ഷണിച്ചിട്ടില്ലെന്നതിന് തെളിവാണ്. വേദിയിൽ ഇരിപ്പിടം മറ്റാരോ ഒഴിഞ്ഞു കൊടുക്കുകയായിരുന്നു. ചിത്രീകരിക്കാൻ മാധ്യമ പ്രവർത്തകരെ ഏർപ്പാടാക്കി. കളക്ടറും സംഘാടകരും പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും കളക്ടറേറ്റ് ഇൻസ്പെക്ഷൻ വിങ്ങിലെ സീനിയർ റിപ്പോർട്ടറുടെ മൊഴിയിൽ പറയുന്നുണ്ട്.