കെജ്‌രിവാളിന്റെ അറസ്റ്റ് അന്യായം; പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിന് ശേഷം ചെയ്യാന്‍ പാടില്ലായിരുന്നു; കേന്ദ്രത്തെയും ഇഡിയെയും വിമര്‍ശിച്ച് ശശി തരൂര്‍

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്ത സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ശശി തരൂര്‍.തിരഞ്ഞെടുപ്പ് സമയത്ത് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്ത നടപടി അന്യായമാണ്.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിന് ശേഷം ഇത് ചെയ്യാന്‍ പാടില്ലായിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ആവശ്യമായ നിലപാട് എടുക്കാമായിരുന്നു.

വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ ഇത് ബാധിക്കും. സുപ്രീംകോടതിക്ക് സ്വമേധയാ ഈ വിഷയത്തില്‍ ഇടപെടാന്‍ കഴിയും. കോടതി ഇത് തടയണമെന്നാണ് തന്റെ അഭ്യര്‍ഥനയെന്നും തരൂര്‍ പറഞ്ഞു.

അതേസമയം, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റ് അത്യന്തം പ്രതിഷേധാര്‍ഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ച ഘട്ടത്തില്‍ എതിര്‍ശബ്ദങ്ങളെ തുറുങ്കില്‍ അടയ്ക്കാനുള്ള ത്വരയുടെ ഭാഗമാണ് ഈ നടപടി. ജനാധിപത്യ പ്രക്രിയയെ ഭയപ്പെടുന്നവരുടെ ഭീരുത്വമാണ് ഇതില്‍ തെളിയുന്നതെന്നും അദേഹം ആരോപിച്ചു.