അഹംഭാവത്തിന് കൈയും കാലും വെച്ച രൂപമാണ് ആര്യ രാജേന്ദ്രന്: കെ. മുരളീധരന്‍

തിരുവനന്തപുരം കോര്‍പറേഷനില്‍ 295 താല്‍ക്കാലിക തസ്തികകളിലേക്കു പാര്‍ട്ടിക്കാരെ നിയമിക്കാന്‍ പട്ടിക ചോദിച്ചുള്ള മേയറുടെ കത്ത് വിവാദത്തില്‍ പ്രതികരണവുമാണ് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. അഹംഭാവത്തിന് കയ്യും കാലും വെച്ച രൂപമാണ് ആര്യ രാജേന്ദ്രനെന്ന് മുളീധരന്‍ വിമര്‍ശിച്ചു. ആര്യ രാജേന്ദ്രന്‍ രാജി വക്കണം. കത്ത് യഥാര്‍ത്ഥത്തില്‍ ഉള്ളതാണെങ്കിലും അല്ലെങ്കിലും ആ സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യതയില്ല. തിരുവനന്തപുരം മേയര്‍ രാജി വക്കുന്നത് വരെ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

വിവാദത്തില്‍ പ്രതിഷേധം കത്തിനില്‍ക്കെ കനത്ത പൊലീസ് സന്നാഹത്തില്‍ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ ഓഫിസിലെത്തി. പൊലീസിനൊപ്പം സിപിഎം കൗണ്‍സിലര്‍മാരും സംരക്ഷണമൊരുക്കി. പന്ത്രണ്ടേകാലോടെ എത്തിയ മേയറെ പിഎയുടെ ഓഫിസ് വഴിയാണ് അകത്ത് പ്രവേശിപ്പിച്ചത്.

മേയറുടെ രാജി ആവശ്യപ്പെട്ട് ബിജെപി കൗണ്‍സിലര്‍മാര്‍ ഉപരോധം തുടരുന്നതിനിടെയാണ് മേയറെത്തിയത്. കോണ്‍ഗ്രസ് കോര്‍പറേഷന് ഓഫിസിന് മുന്നില്‍ സത്യഗ്രഹം നടത്തുകയാണ്.

മേയര്‍ രാവിലെ വീട്ടില്‍ നിന്ന് പുറപ്പെട്ടപ്പോള്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞ് പ്രതിഷേധിച്ചു. മേയറുടെ വാഹനത്തിന് മുന്നിലേക്ക് ചാടിയിറങ്ങി പ്രതിഷേധിച്ച കെഎസ്‌യുക്കാരനെ ഡിവൈഎഫ്‌ഐക്കാര്‍ അടിച്ചുവീഴ്ത്തി ക്രൂരമായി മര്‍ദ്ദിച്ചു. പിന്നീട് പൊലീസ് ഇടപെട്ട് കെഎസ്‌യു പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത് നീക്കി.