കോട്ടയം മെഡിക്കല്‍ കോളജില്‍ വീണ്ടും കരള്‍മാറ്റ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി. ഹൈക്കോടതിയില്‍ അഭിഭാഷകനായ തലയോലപ്പറമ്പ് ബ്രഹ്‌മമംഗലം പുതുവേലില്‍ കെ.രണദീപാണ് (43) ശസ്ത്രക്രിയയ്ക്ക് വിധേയനായത്. സഹോദരിയും ചെമ്പ് പഞ്ചായത്തിലെ ആറാം വാര്‍ഡ് ആശാ വര്‍ക്കറുമായ കെ.ആര്‍.ദീപ്തി(40)യാണ് കരള്‍ പകുത്തുനല്‍കിയത്.
ശനിയാഴ്ച രാവിലെയാണ് ശസ്ത്രക്രിയ നടപടികള്‍ തുടങ്ങിയത്. ദാതാവില്‍ നിന്ന് കരള്‍ എടുത്ത ശേഷം വൈകുന്നേരം ആറ് മണിയോടെയാണ് രണ്‍ദീപിന്റെ ശരീരത്തില്‍ തുന്നിച്ചേര്‍ക്കാന്‍ ആരംഭിച്ചത്. രാത്രി 11 മണിയോടെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. രണ്‍ദീപിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും നിരീക്ഷണത്തിലാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
ലിവര്‍ സിറോസിസ് ബാധിച്ച് ഏറെ നാളായി ചികിത്സയിലായിരുന്നു രണ്‍ദീപ്. കഴിഞ്ഞ കൊല്ലമാണ് കോട്ടയം മെഡിക്കല്‍ കോളില്‍ ചികിത്സയ്ക്ക് എത്തിയത്. ഒ നെഗറ്റീവ് ബ്ലഡ് ഗ്രൂപ്പായതിനാലാണ് ശസ്ത്രക്രിയ വൈകിയത്.
മെഡിക്കല്‍ കോളജ് ഗ്യാസ്‌ട്രോ വിഭാഗം മേധാവി ഡോ. ആര്‍.എസ്. സിന്ധുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശസ്ത്രക്രിയ ചെയ്തത്. ഡോക്ടര്‍മാരായ ഡൊമിനിക് മാത്യു, ജീവന്‍ ജോസ്, തുളസി കോട്ടായി, ഓങ്കോളജി സര്‍ജന്‍ ഡോ. ടി.വി. മുരളി, ജനറല്‍ സര്‍ജറി വിഭാഗത്തിലെ ഡോ. ജോസ് സ്റ്റാന്‍ലി, ഡോ. മനൂപ്, അനസ്‌തേഷ്യ വിഭാഗം മേധാവി ഡോ. ഷീല വര്‍ഗീസ്, ഡോ. അനില്‍, ഡോ. ദിവ്യ, ഡോ. ടിറ്റോ, ഹെഡ് നഴ്‌സ് സുമിത, നഴ്‌സുമാരായ അനു, ടിന്റു, ജീമോള്‍, തിയറ്റര്‍ ടെക്‌നീഷ്യന്മാരായ ശ്യാം, അനു, വിദ്യ, ചൈത്ര, ശ്രീക്കുട്ടി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
Read more
എറണാകുളം അമൃത ആശുപത്രിയുമായി സഹകരിച്ചായിരുന്നു ശസ്ത്രക്രിയ. അമൃതയിലെ ഡോ. സുധീന്ദ്രന്‍, ഡോ. ദിനേശ്, ഡോ. രേഖ എന്നിവരും പങ്കാളികളായി. കോട്ടയം മെഡിക്കല്‍ കോളജില്‍ കഴിഞ്ഞ ജനുവരി 14ന് ആദ്യമായി നടന്ന കരള്‍മാറ്റ ശസ്ത്രക്രിയയും വിജയകരമായിരുന്നു.