തമിഴ്‌നാട്ടില്‍ മലയാളി യാത്രക്കാര്‍ക്ക് നേരെ ആക്രമണം; സൈനികന്‍ ഉള്‍പ്പെടെ നാല് പേര്‍ കസ്റ്റഡിയില്‍

തമിഴ്‌നാട്ടില്‍ മലയാളി യാത്രക്കാരെ ആക്രമിച്ച് കൊള്ളയടിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ സൈനികന്‍ ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍. പാലക്കാട് ചിറ്റൂര്‍ സ്വദേശികളായ വിഷ്ണു, രമേഷ്ബാബു, അജയകുമാര്‍, ശിവദാസ് എന്നിവരാണ് പിടിയിലായത്. സേലം-കൊച്ചി ദേശീയ പാതയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം.

മൂന്ന് വാഹനങ്ങളിലായി മുഖംമൂടി ധരിച്ചെത്തിയ സംഘം വാഹനം അടിച്ചുതകര്‍ത്ത് കൊള്ളയടിക്കാന്‍ ശ്രമിക്കുകയായിരുന്നു. എറണാകുളം സ്വദേശികളായ യുവാക്കള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. കോയമ്പത്തൂര്‍ മധുക്കര സ്റ്റേഷന്‍ പരിധിയിലെ എല്‍ ആന്റ് ടി ബൈപ്പാസിന് സമീപമായിരുന്നു ആക്രമണം നടന്നത്.

പൊലീസ് കസ്റ്റഡിയിലെടുത്ത നാല് പ്രതികളില്‍ ഒരാളായ വിഷ്ണു മദ്രാസ് റെജിമെന്റ് 21ാം ബറ്റാലിയനിലെ സൈനികനാണ്. ഏപ്രിലില്‍ അവധിക്കെത്തിയ ഇയാള്‍ തിരികെ പോയിരുന്നില്ല. പ്രതികള്‍ കുഴല്‍പ്പണമുണ്ടെന്ന് കരുതി വാഹനം മാറി ആക്രമിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. കേസില്‍ പത്തിലേറെ പേര്‍ക്ക് പങ്കുണ്ടെന്നാണ് വിവരം.

എന്നാല്‍ കേസില്‍ പ്രതിയായ സൈനികന്റെ പേരില്‍ മറ്റ് കേസുകളില്ലെന്നാണ് പുറത്തുവരുന്ന വിവരം. സംഭവത്തിന് പിന്നാലെ കാറിന്റെ ഡാഷ് ക്യാമറയില്‍ പതിഞ്ഞ ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരുന്നു. മുഖംമൂടി ധരിച്ച് മൂന്ന് കാറുകളിലായെത്തിയ സംഘം വാഹനം തകര്‍ത്ത് കൊള്ളയടിക്കാന്‍ ശ്രമിക്കുകയായിരുന്നു.

കാര്‍ വേഗത്തില്‍ മുന്നോട്ടെടുത്ത് യുവാക്കള്‍ രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് തമിഴ്‌നാട് ചെക്ക് പോസ്റ്റിലും മധുക്കര പൊലീസ് സ്റ്റേഷനിലും യുവാക്കള്‍ പരാതി നല്‍കിയിരുന്നു. കസ്റ്റഡിയിലെടുത്തവര്‍ക്കൊപ്പം കൊള്ളയടിക്കാന്‍ ഉപയോഗിച്ച രണ്ട് കാറുകളും പൊലീസ് പിടിച്ചെടുത്തു.