പാലാരിവട്ടം മേൽപ്പാലം അഴിമതി കേസിൽ പൊതുമരാമത്തു മുൻ സെക്രട്ടറി ടി ഒ സൂരജ് അടക്കം മൂന്നു പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ആർഡിഎസ് കമ്പനി ഉടമ സുമിത് ഗോയൽ, റോഡ്സ് ആൻഡ് ബ്രിഡ്ജ്സ് കോർപ്പറേഷൻ മുൻ അസിസ്റ്റന്റ് ജനറൽ മാനേജർ എം ടി തങ്കച്ചൻ എന്നിവർ നൽകിയ ഹർജിയും ഇതോടൊപ്പം പരിഗണിക്കും.
കേസിൽ ഇനി ജുഡീഷ്യൽ കസ്റ്റഡി ആവശ്യമില്ലെന്നും 52 ദിവസത്തിൽ ഏറെ ആയി ജയിലിൽ കഴിയുകയാണെന്നും സൂരജ് കോടതിയെ അറിയിച്ചിട്ടുണ്ട്. അതേസമയം പ്രതികൾക്ക് ജാമ്യം നൽകുന്നതിനെ എതിർത്ത് വിജിലൻസ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകും. നേരെത്തെ ഹൈക്കോടതി പ്രതികൾക്കു ജാമ്യം നിഷേധിച്ച സാഹചര്യത്തിൽ മാറ്റം ഉണ്ടായില്ലെന്നും പുതിയ അന്വേഷണ സംഘത്തിന്റെ നേതൃത്വത്തിൽ സൂരജ് അടക്കമുള്ള പ്രതികൾക്ക് എതിരെ അന്വേഷണം പുരോഗമിക്കുകയാണെന്നും കോടതിയെ അറിയിക്കും.
കഴിഞ്ഞ ദിവസം പ്രതികളായ ടി ഒ സൂരജ്, റോഡ്സ് ആന്റ് ബ്രിഡ്ജസ് കോർപ്പേറേഷൻ മുൻ അസി.ജനറൽ മാനേജർ എം ടി തങ്കച്ചൻ എന്നിവർ സമർപ്പിച്ച ജാമ്യഹർജി പരിഗണിക്കുമ്പോൾ പാലാരിവട്ടം മേൽപ്പാലം അഴിമതി കേസിന്റെ അന്വേഷണ പുരോഗതി ഹൈക്കോടതി ആരാഞ്ഞിരുന്നു. അന്വേഷണം നല്ല രീതിയിൽ മുന്നോട്ട് പോകുകയാണെന്നും അഴിമതിയുമായി ബന്ധപ്പെട്ട ചില രേഖകൾ കൂടി കണ്ടെത്താനുണ്ടെന്നും ആണ് വിജിലൻസ് കോടതിയെ അറിയിച്ചത്.
Read more
ഓഗസ്റ്റ് മുപ്പതിനാണ് പാലാരിവട്ടം അഴിമതിക്കേസിൽ മുൻ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജടക്കം നാലു പേർ അറസ്റ്റിലായത്. അഴിമതി നടത്തുകയെന്ന ലക്ഷ്യത്തോടെ ഗൂഢാലോചന നടത്തിയെന്നും അധികാര ദുർവിനിയോഗമുണ്ടായെന്നും കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി.കേസിൽ ടി ഒ സൂരജിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊതുമരാമത്ത് വകുപ്പ് മുൻ മന്ത്രി പി കെ ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്യാൻ നീക്കം നടത്തിയിരുന്നെങ്കിലും ഇത് വരെ അറസ്റ്റായിട്ടില്ല.