അപകടമുണ്ടായപ്പോള്‍ ബാലഭാസ്‌കറിന്റെ കാറില്‍ സ്വര്‍ണവും പണവുമുണ്ടായിരുന്നെന്ന് ക്രൈംബ്രാഞ്ച്

ബാലഭാസ്‌കറിന്റെ കാര്‍ അപകടത്തില്‍ പെടുമ്പോള്‍ അതിനുള്ളില്‍ സ്വര്‍ണവും പണവുമുണ്ടായിരുന്നെന്ന് ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചു. 44 പവനോളം സ്വര്‍ണവും രണ്ടുലക്ഷം രൂപയുമാണ് അപകടസമയത്ത് വാഹനത്തിലുണ്ടായിരുന്നത്.

സ്വര്‍ണം ലക്ഷ്മിയുടേതാണെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തല്‍. വീട്ടില്‍ വെക്കുന്നത് സുരക്ഷിതമല്ലാത്തതു കൊണ്ടാണ് സ്വര്‍ണവും പണവും കാറില്‍ കൊണ്ടുപോയതെന്നാണ് ലക്ഷ്മിയുടെ മൊഴി.

അപകടം നടന്ന ശേഷമുള്ള ദൃശ്യങ്ങള്‍ ക്രൈം ബ്രാഞ്ച് ശേഖരിച്ചു. നിലവില്‍ പ്രകാശന്‍ തമ്പി നല്‍കിയിരിക്കുന്ന മൊഴിയുടെ അടിസ്ഥാനത്തിലും കൂടുതല്‍ പേരില്‍ നിന്ന് ക്രൈം ബ്രാഞ്ച് മൊഴിയെടുക്കും. കേസിലെ പ്രധാന സാക്ഷി അര്‍ജ്ജുനോട് ഉടന്‍ നാട്ടിലെത്താന്‍ ക്രൈം ബ്രാഞ്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അപകടസമയത്ത് അര്‍ജുന്‍ തന്നെയാണ് കാറോടിച്ചിരുന്നതെന്നും ആശുപത്രിയില്‍ വെച്ച് തന്നോട് ഇക്കാര്യം പറഞ്ഞിരുന്നെന്നും കഴിഞ്ഞ ദിവസം പ്രകാശ് തമ്പി മൊഴി നല്‍കിയിരുന്നു. അര്‍ജുന്‍ മൊഴി മാറ്റിയതു കൊണ്ടാണ് താന്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതെന്നും പ്രകാശ് തമ്പി പറഞ്ഞു.

ഫോറന്‍സിക് പരിശോധനാ ഫലത്തില്‍ നിന്ന് വാഹനം ഓടിച്ചിരുന്നത് അര്‍ജ്ജുന്‍ തന്നെയാണെന്ന് വ്യക്തമായി. ഇയാള്‍ എന്തിന് മൊഴി മാറ്റിപ്പറഞ്ഞുവെന്ന് അന്വേഷണം നടക്കും. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ബാലഭാസ്‌കറിന് നേരിട്ട് ഇടപാടുകള്‍ ഉണ്ടായിരുന്നില്ലെന്നാണ് ക്രൈം ബ്രാഞ്ച് വിലയിരുത്തുന്നത്. അര്‍ജ്ജുന്റെ കൂടി മൊഴി രേഖപ്പെടുത്തിയ ശേഷം കേസില്‍ അറസ്റ്റുകള്‍ രേഖപ്പെടുത്താനാണ് ക്രൈം ബ്രാഞ്ചിന്റെ നീക്കം.