ബാലഭാസ്‌കറിന്റെ മരണം അഴിയാക്കുരുക്കിലേക്ക്; സി.സി.ടിവി ദൃശ്യങ്ങള്‍ കൊണ്ടു പോയത് പൊലീസ്; പ്രകാശ് തമ്പിയെ അറിയില്ലെന്ന് മൊഴി മാറ്റി ജ്യൂസ് കടയുടമ

വയലിനിറ്റ് ബാലഭാസ്‌കറിന്റെ അപകട മരണത്തില്‍ പൊലീസിനു നല്‍കിയ മൊഴി മാറ്റിപ്പറഞ്ഞ് ജ്യൂസ് കടയുടമ ഷംനാദ്. ദൃശ്യം കൊണ്ടു പോയത് പൊലീസാണെന്നും പ്രകാശ് തമ്പിയെ അറിയില്ലെന്നുമാണ് ഷംനാദിന്റെ മൊഴി. നേരത്തെ പ്രകാശ് തമ്പി ഹാര്‍ഡ് ഡിസ്‌ക് എടുത്തു കൊണ്ട് പോയെന്നായിരുന്നു ഷംനാദ് പറഞ്ഞത്.

അപകടസമയത്ത് വാഹനമോടിച്ചു എന്ന കരുതപ്പെടുന്ന ഡ്രൈവര്‍ അര്‍ജുന്‍ ഒളിവിലാണ്. അപകടസമയത്ത് കാറിലുണ്ടായിരുന്ന ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി പറഞ്ഞത് അര്‍ജുനായിരുന്നു കാര്‍ ഓടിച്ചിരുന്നതെന്നാണ്. അതേസമയം പൊലീസിനു നല്‍കിയ മൊഴിയില്‍ അര്‍ജുന്‍ ഇക്കാര്യം നിഷേധിച്ചിരുന്നു. കൊല്ലത്തിനടുത്ത് പള്ളിമുക്ക് എന്ന സ്ഥലത്തു നിര്‍ത്തി ജ്യൂസ് കുടിച്ച ശേഷം ബാലഭാസ്‌കറാണ് വാഹനം ഓടിച്ചതെന്നായിരുന്നു അര്‍ജുന്റെ മൊഴി. എന്നാല്‍ ലക്ഷ്മി ഇത് നിഷേധിക്കുന്നു.

ഇയാള്‍ അസമിലാണുള്ളതെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. അപകടത്തില്‍ പരിക്കേറ്റ അര്‍ജുന്‍ ഇത്ര ദുര്‍ഘടമായ യാത്രയുള്ള സ്ഥലത്തേക്ക് പോയതില്‍ ദുരൂഹതയുണ്ടെന്നാണ് അന്വേഷണസംഘം സംശയിക്കുന്നത്. വലതുകാലിനടക്കം ഗുരുതരമായി പരിക്കേറ്റ അര്‍ജുന്‍ എന്തിന് ഇത്ര വലിയ യാത്ര പോയി എന്നത് ദുരൂഹമായി തുടരുന്നു.

അര്‍ജുന്‍ പാലക്കാട് ആണെന്നായിരുന്നു തൃശുരിലെ വീട്ടിലെത്തിയപ്പോള്‍ വീട്ടുകാര്‍ അന്വേഷണ സംഘത്തോട് പറഞ്ഞത്. എന്നാല്‍ പാലക്കാട് എത്തിയപ്പോള്‍ അര്‍ജുന്‍ അവിടെയുണ്ടായിരുന്നില്ല. എവിടെയാണെന്ന് കൃത്യമായി അറിയില്ലെന്നാണ് പാലക്കാടുള്ളവര്‍ മൊഴി നല്‍കിയത്.

അപകടമുണ്ടായ സമയത്ത് അര്‍ജുന്‍ വാഹനമോടിച്ചത് അമിത വേഗത്തിലായിരുന്നുവെന്നതിന് ഏറെക്കുറെ തെളിവ് ലഭിച്ചിട്ടുണ്ട്. ചാലക്കുടിയില്‍ നിന്നും 231 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് കഴക്കൂട്ടത്ത് എത്താനെടുത്തത് 2 മണിക്കൂറും 37 മിനിറ്റും മാത്രമാണ്. സ്പീഡ് ക്യാമറാ ദൃശ്യങ്ങളില്‍ നിന്നാണ് ഈ തെളിവ് ലഭിച്ചത്.