ട്രെയിനിലെ ബെർത്ത് പൊട്ടിവീണ് ചികിത്സയിലായിരുന്ന പൊന്നാനി സ്വദേശി മരിച്ചു. മാറഞ്ചേരി എളയിടത്ത് മാറാടിക്കൽ അലിഖാന് (62) ആണ് മരിച്ചത്. ട്രെയിനിലെ താഴത്തെ ബെർത്തിൽ കിടന്നിരുന്ന അലിഖാന് മുകളിലേക്ക് മധ്യഭാഗത്തേ ബെർത്ത് പൊട്ടി വീഴുകയായിരുന്നു. ഡൽഹിയിലേക്കുള്ള യാത്രക്കിടെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ദാരുണ സംഭവം.
തെലങ്കാനയ്ക്കടുത്തുള്ള വാറങ്കലിൽവച്ചാണ് സംഭവം. മധ്യഭാഗത്തെ ബെർത്ത് പൊട്ടി താഴത്തെ ബെർത്തിൽ കിടക്കുകയായിരുന്ന അലിഖാന്റെ മുകളിലേക്ക് ബെർത്തും അതിൽ കിടന്നിരുന്ന ആളും വീഴുകയായിരുന്നു. ചരിഞ്ഞ് കിടക്കുകയായിരുന്ന അലിഖാന്റെ കഴുത്തിൽ ബെർത്ത് പതിച്ചതിനെത്തുടർന്ന് കഴുത്തിന്റെ ഭാഗത്തെ മൂന്ന് എല്ലുകൾ പൊട്ടുകയും ഞരമ്പിന് ക്ഷതം സംഭവിക്കുകയുമായിരുന്നു. ഇതേതുടർന്ന് കൈകാലുകൾ തളർന്നു പോയി.
റെയിൽവേ അധികൃതർ ആദ്യം വാറങ്കലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സക്കായി ഹൈദരാബാദിലെ കിങ്സ് മൾട്ടി സ്പെഷാലിറ്റി ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച ഓപ്പറേഷൻ കഴിഞ്ഞെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കിംസ് മൾട്ടി സ്പെഷാലിറ്റി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.