മുഖ്യമന്ത്രിക്ക് എതിരെ കൊലവിളി, വിദ്വേഷ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ബി.ജെ.പി-ആര്‍.എസ്.എസ് റാലി

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊലവിളി മുദ്രാവാക്യവുമായി ആര്‍എസ്എസ് -ബിജെപി പ്രവര്‍ത്തകര്‍. കൊടുങ്ങല്ലൂരില്‍ സത്യേഷ് അനുസ്മരണ സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന റാലിക്കിടെയാണ് മുഖ്യമന്ത്രിക്കെതിരെ കൊലവിളി മുദ്രാവാക്യം ഉയര്‍ത്തിയത്.

‘കണ്ണൂരിലെ തരിമണലില്‍, പിണറായിയെ വെട്ടിനുറുക്കി, പട്ടിക്കിട്ട് കൊടുക്കും ഞങ്ങള്‍’ എന്നൊക്കെയായിരുന്നു പ്രവര്‍ത്തകരുടെ മുദ്രാവാക്യങ്ങള്‍. പ്രകടനത്തിന്റെ ദൃശ്യങ്ങള്‍ പാര്‍ട്ടി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി ഫെയ്സ്ബുക്കില്‍ ലൈവായി പങ്ക് വെച്ചിരുന്നു.

കൊലവിളി മുദ്രാവാക്യങ്ങള്‍ക്ക് പുറമേ പ്രകോപനപരമായ മറ്റ് മുദ്രാവാക്യങ്ങളും പ്രകടനത്തില്‍ പ്രവര്‍ത്തകര്‍ ഉയര്‍ത്തിയിരുന്നു. സ്ത്രീകളടക്കം നൂറുകണക്കിന് ആളുകളായിരുന്നു പ്രകടനത്തില്‍ പങ്കെടുത്തത്. വര്‍ഗീയ വിദ്വേഷം ഉയര്‍ത്തുന്ന തരത്തിലുള്ള മുദ്രാവാക്യങ്ങള്‍ റാലിയില്‍ ഉയര്‍ന്നു.

2006 ല്‍ കൊല്ലപ്പെട്ട ബിജെപി മുനിസിപ്പല്‍ ഏരിയാ സെക്രട്ടറിയായിരുന്ന സത്യേഷിന്റെ അനുസ്മരണ റാലിയായിരുന്നു സംഘടിപ്പിച്ചത്. ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ അനീഷ് കുമാര്‍, ജനറല്‍ സെക്രട്ടറിമാരായ അഡ്വ. കെ.ആര്‍.ഹരി, ജസ്റ്റിന്‍ ജേക്കബ്, കൊടുങ്ങല്ലൂര്‍ മണ്ഡലം അദ്ധ്യക്ഷന്‍ കെ.എസ് വിനോദ്, ജില്ലാ ഉപാദ്ധ്യക്ഷന്‍ സര്‍ജു തൈക്കാവ് തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു.

ഇക്കഴിഞ്ഞ ഡിസംബറില്‍ ആര്‍എസ്എസ് തലശ്ശേരിയില്‍ നടത്തിയ റാലിയിലും വിദ്വേഷ മുദ്രാവാക്യം വിളികള്‍ ഉയര്‍ന്നിരുന്നു. നിസ്‌കരിക്കാന്‍ പള്ളികള്‍ ഉണ്ടാകില്ലെന്നും, ബാങ്ക് വിളി കേള്‍ക്കേണ്ടി വരില്ലെന്നുമായിരുന്നു ആര്‍എസ്എസുകാര്‍ ആക്രോശിച്ചത്. സമാനമായ സംഭവം കുന്നംകുളത്തും നടന്നിരുന്നു. മുസ്ലിം സമുദായത്തിന് എതിരെ ആയിരുന്നു മുദ്രാവാക്യം വിളികള്‍ നടത്തിയത്. ആര്‍എസ്എസ് ഉയര്‍ത്തിയത് സംസ്ഥാനത്ത് കേള്‍ക്കാത്ത തരം മുദ്രാവാക്യങ്ങളാണെന്നും, ഇത് അംഗീകരിച്ച് കൊടുക്കാന്‍ ആവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. നേരത്തെ വഖഫ് സംരക്ഷണ റാലിക്കിടെ പിണറായി വിജയനെതിരെ മുസ്ലിം ലീഗ് ഉയര്‍ത്തിയ മുദ്രാവാക്യങ്ങളും വലിയ വിവാദം സൃഷ്ടിച്ചിരുന്നു.