കണ്ണൂർ പാലത്തായി പീഡനക്കേസിൽ വഴിത്തിരിവ്. പാലത്തായിയിൽ നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ അധ്യാപകനും ബി.ജെ.പി നേതാവുമായ കുനിയിൽ പത്മരാജൻ പീഡിപ്പിച്ചത് തന്നെയെന്ന് അന്വേഷണ സംഘം. പത്മരാജൻ കുട്ടിയെ പീഡിപ്പിച്ചതിന് അന്വേഷണ സംഘത്തിന് തെളിവുകൾ ലഭിച്ചു എന്നാണ് റിപ്പോർട്ട്. പീഡനം നടന്നുവെന്ന് കുട്ടി പറഞ്ഞ ശുചി മുറിയിൽ നിന്നും ശേഖരിച്ച രക്തക്കറ പീഡനം നടന്നുവെന്നത് തെളിയിക്കുന്നു എന്നാണ് ശാസ്ത്രീയ പരിശോധന ഫലം.
പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അന്വേഷണസംഘം ശുചിമുറിയിലെ ടൈലുകളും മണ്ണും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഈ പരിശോധനയിലാണ് ശുചിമുറിയിലെ ടൈലുകളിൽ നിന്ന് രക്തക്കറ കണ്ടെത്തിയത്.
കേസിൽ അധികം വൈകാതെ തന്നെ തലശ്ശേരി പോക്സോ കോടതിയിൽ അന്വേഷണ ഉദ്യോഗസ്ഥൻ ഐ.ജി, ഇ.ജെ ജയരാജൻ കുറ്റപത്രം സമർപ്പിക്കും. പാലത്തായി കേസ് അന്വേഷണത്തിന് ഹൈക്കോടതി ഇടപെട്ട് പ്രത്യേക അന്വേഷണസംഘത്തെ നിയമിച്ചിരുന്നു. ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. രണ്ട് വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു.
Read more
2020 ജനുവരിയിലാണ് ഒമ്പതു വയസ്സുകാരി പീഡനത്തിന് വിധേയയായെന്ന പരാതി പോലീസിന് ലഭിക്കുന്നത്. പ്രതി പത്മരാജന്‍ കുട്ടിയെ സ്‌കൂളില്‍വെച്ച് പലതവണ പീഡിപ്പിച്ചെന്നാണ് കേസ്. ഇയാള്‍ക്ക് തലശ്ശേരി പോക്‌സോ കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതിനെതിരെ കുട്ടിയുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജാമ്യം അനുവദിച്ച നടപടിയെ ഹൈക്കോടതിയും ശരിവെച്ചിരുന്നു.