സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ദ്ധന അനിവാര്യമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ബസ് ചാര്‍ജ് ഉയര്‍ത്തേണ്ടി വരുമെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് തിരിച്ചെത്തിയാലുടന്‍ അന്തിമ തീരുമാനം എടുക്കുമെന്നും മന്ത്രി അറിയിച്ചു. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്റെ കാര്യത്തിലും തീരുമാനം എടുക്കും. ബി.പി.എല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്നത് അടക്കം ആലോചനയിലുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
ഗതാഗത മന്ത്രിയുമായി ഇക്കഴിഞ്ഞ നവംബറില്‍ ബസുടമകള്‍ ചര്‍ച്ച നടത്തിയിരുന്നു. മിനിമം ചാര്‍ജ് എട്ടില്‍ നിന്ന് പന്ത്രണ്ട് രൂപയായി ഉയര്‍ത്തണമെന്നാണ് ബസുടമകളുടെ ആവശ്യം. ഇതിന് പുറമേ ടാക്സ് ഇളവും സംഘടന ആവശ്യപ്പെട്ടിരുന്നു. രണ്ട് മാസം കഴിഞ്ഞിട്ടും സര്‍ക്കാര്‍ തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തില്‍ അനിശ്ചിത കാല സമരത്തിലേക്ക് നീങ്ങുമെന്ന് സ്വകാര്യ ബസുടമകള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
സര്‍ക്കാര്‍ തീരുമാനം വൈകുന്നതോടെ ബസുടമകളുടെ സംഘടന യോഗം ചേര്‍ന്ന് സമര നടപടികള്‍ തീരുമാനിക്കുമെന്നാണ് അറിയിച്ചിരുന്നത്. നേരത്തെ ഡിസംബറില്‍ സമരം പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്‍വലിച്ചിരുന്നു. നിലവില്‍ സംസ്ഥാനത്ത് ഏഴായിരത്തിയഞ്ഞൂറ് സ്വകാര്യ ബസുകളാണ് സര്‍വീസ് നടത്തുന്നത്.
Read more
അതേസമയം സംസ്ഥാനത്ത് വിദ്യാര്‍ത്ഥികള്‍ക്കുള്ള യാത്ര കണ്‍സെഷനില്‍ പ്രായ പരിധി നിശ്ചയിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന് കമ്മീഷന് ശിപാര്‍ശ ചെയ്തിട്ടുണ്ട്. ആനുകൂല്യം ലഭിക്കാനുള്ള പ്രായ പരിധി 17 വയസായി പരിമിതപ്പെടുത്താനാണ് ശിപാര്‍ശ. കണ്സെഷന് ബി.പി.എല്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം ആക്കണം. മറ്റ് വിദ്യാര്‍ത്ഥികളില്‍ നിന്ന് സാധാരണ നിരക്ക് ഈടാക്കാനും കമ്മീഷന് ശിപാര്‍ശയില്‍ പറയുന്നു. ബസ് ചാര്‍ജ് വര്‍ദ്ധനയുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മിനിമം ചാര്‍ജ് 10 രൂപയാക്കാനും, ഇതിന് ശേഷമുള്ള ഓരോ കിലോമീറ്ററിനും ഒരു രൂപയാക്കാനും നേരത്തെ ശിപാര്‍ശ ചെയ്തിരുന്നു.