മണ്‍ചുറ്റിക കൊണ്ട് തകര്‍ക്കാനാവുമോ ഇരുമ്പു കൂടത്തെ? Breaking the Mould: Reimagining India's Economic Future എന്ന പുസ്തകത്തിന്റെ വായന - ഭാഗം-1

കെ.സഹദേവന്‍

മുന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനും സാമ്പത്തിക വിദഗ്ദ്ധന്‍ രോഹിത് ലാംബയും ചേര്‍ന്നെഴുതിയ Breaking the Mould: Reimagining India’s Economic Future എന്ന പുസ്തകം വായിച്ചു തീര്‍ന്നപ്പോള്‍ ആദ്യം മനസ്സിലേക്കെത്തിയത് 1951-ല്‍ അലക്സാണ്ടര്‍ മാകെന്‍ഡ്രിക് നിര്‍മ്മിച്ച The Man in the White Suit എന്ന ആക്ഷേപഹാസ്യ സിനിമയായിരുന്നു. ഇന്ത്യയുടെ സാമ്പത്തിക ഭാവിയെ ശരിയായ പാതയിലേക്ക് നയിക്കുന്നതിനായി നിലവിലുള്ള ചട്ടക്കൂടുകള്‍ പൊളിച്ചുപണിയേണ്ടതുണ്ടെന്ന് രാജ്യത്തെ രണ്ട് പ്രമുഖ സാമ്പത്തിക വിദഗ്ദ്ധര്‍ കാര്യകാരണ സഹിതം ചൂണ്ടിക്കാട്ടുമ്പോള്‍ മേല്‍പ്പറഞ്ഞ ആക്ഷേപഹാസ്യ സിനിമയെക്കുറിച്ച് ഓര്‍ക്കുക എന്നത് അല്‍പ്പം കടന്നകയ്യാണെന്നറിയാം. പക്ഷേ, ഒരു നൂറ്റാണ്ടിലധികം കാലമായി നിരന്തരമായ ഉത്പാദനത്തെ അടിസ്ഥാനമാക്കിയുള്ള വളര്‍ച്ചാ മാതൃകകളുടെ കുറ്റിയില്‍ കറങ്ങിക്കൊണ്ടിരിക്കുന്ന സാമ്പത്തിക സിദ്ധാന്തങ്ങളുടെ പരിമിതികള്‍ തിരിച്ചറിയാനോ അവയുടെ ചട്ടക്കൂടുകളില്‍ കൈവെക്കാനോ സാധിക്കാത്തവിധം അവര്‍ എത്തിപ്പെട്ടിരിക്കുന്ന വിഷമവൃത്തത്തെത്തന്നെയാണ് ഈ പുസ്തകം ഓര്‍മ്മപ്പെടുത്തിയതെന്ന് പറയാതെ വയ്യ.

‘ദ മാന്‍ ഇന്‍ ദ വൈറ്റ് സ്യൂട്ട്’ എന്ന സിനിമയിലെ പ്രധാന കഥാപാത്രം സിഡ്നി സ്ട്രാറ്റണ്‍ എന്ന യുവ ശാസ്ത്രജ്ഞനാണ്. ഒരു തുണിമില്ലിലെ ഗവേഷകനായ സ്ട്രാറ്റണ്‍ തന്റെ ദീര്‍ഘകാലത്തെ അന്വേഷണത്തിന്റെ ഫലമായി ഒരിക്കലും അഴുക്കുപുരളാത്തതും പൊട്ടിപ്പോകാത്തതുമായ നൂല്‍ ഉത്പാദിപ്പിക്കാനുള്ള സൂത്രം കണ്ടെത്തുന്നു. സ്ട്രാറ്റന്റെ കണ്ടെത്തലിന്റെ പ്രത്യാഘാതം തിരിച്ചറിയാതെ കമ്പനി മാനേജ്മെന്റ് ആദ്യഘട്ടത്തില്‍ ആ ഗവേഷണത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിലും പിന്നീട് അത് കമ്പനിയുടെ തന്നെ നിലനില്‍പ്പിന് ഭീഷണിയാകുമെന്ന് തിരിച്ചറിയുന്നതോടെ അദ്ദേഹത്തിന് എതിരായി തിരിയുന്നു. കമ്പനി മാനേജ്മെന്റ് മാത്രമല്ല തൊഴിലാളി യൂണിയനുകള്‍ അടക്കം സ്ട്രാറ്റന്റെ ഗവേഷണഫലത്തിനെതിരായി മാറുന്നതും അയാള്‍ തെരുവില്‍ കൈകാര്യം ചെയ്യപ്പെടുന്നതും ഒക്കെ രസകരമായ രീതിയില്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്.

നിരന്തര വളര്‍ച്ച ആവശ്യപ്പെടുന്ന ഒരു സാമ്പത്തിക സിദ്ധാന്തത്തില്‍ മനുഷ്യന്റെ ആവശ്യങ്ങളെയോ, പ്രകൃതി വിഭവങ്ങളുടെ ലഭ്യതയെയോ സംബന്ധിച്ച ചോദ്യങ്ങള്‍ പരിഗണിക്കപ്പെടുകയില്ലെന്നത് സാമാന്യ നിയമമാണ്. വിപണിയുടെ ചലനാത്മകത സ്ഥായിയായി നിര്‍ത്തുക എന്നത് മാത്രമാണ് അതിന്റെ ലക്ഷ്യം. അതിന് ഒരിക്കലും നിലക്കാത്ത ഉത്പാദനം ആവശ്യമാണ്. വിപണിക്ക് അനുസൃതമായ രീതിയില്‍ വ്യക്തികളുടെ ആവശ്യങ്ങളെ ക്രമപ്പെടുത്തുക എന്നതാണ് അതിന്റെ രീതി. വിപണി സൃഷ്ടിക്കുന്ന ‘ബാഹ്യഘടകങ്ങളെ’ (externalities) പരിഗണിക്കാന്‍ അവ തയ്യാറാവുകയില്ല തന്നെ. അതുകൊണ്ടുതന്നെ ഒരിക്കലും അഴുക്കുപുരളാത്തതും മങ്ങിപ്പോകാത്തതും പൊട്ടിപ്പോകാത്തതുമായ തുണിത്തരങ്ങളുടെ കണ്ടുപിടുത്തതിന് പകരം എളുപ്പം പിഞ്ഞിപ്പോകുന്നതും നിറംമങ്ങുന്നതുമായ വസ്ത്രങ്ങള്‍ വളര്‍ച്ചാ സിദ്ധാന്തക്കാര്‍ക്ക് പ്രിയങ്കരമാകുന്നത്. ‘ബോധപൂര്‍വ്വം കാലഹരണപ്പെടല്‍’ (planned obsolescence) എന്നത് ഒരു വളര്‍ച്ചാ സിദ്ധാന്തങ്ങളുടെ സൂത്രവാക്യമായി മാറുന്നതും അതുകൊണ്ടുതന്നെ. ‘ബോധപൂര്‍വ്വം കാലഹരണപ്പെടല്‍’ അല്ലെങ്കില്‍ planned obsolescence എന്ന സൂത്രം സാമ്പത്തിക വളര്‍ച്ചാ സിദ്ധാന്തത്തിലേക്ക് തിരുകിക്കയറ്റിയത് ഏതെങ്കിലും സാമ്പത്തിക ശാസ്ത്രജ്ഞനായിരുന്നില്ലെന്നും ബെര്‍നാര്‍ഡ് ലണ്ടന്‍ എന്ന റിയല്‍ എസ്റ്റേറ്റ് വ്യാപാരിയായിരുന്നുവെന്നും ആനുഷംഗികമായി ഓര്‍മ്മപ്പെടുത്തട്ടെ. 1930കളിലെ ആഗോള മാന്ദ്യത്തില്‍ നിന്നും കരകയറാന്‍ ബെര്‍നാര്‍ഡ് ലണ്ടന്‍ തയ്യാറാക്കിയ ending the depression through planned obsolescence എന്ന പ്രബന്ധത്തിലാണ് ഈയൊരു കുറിപ്പടി ആദ്യമായി മുന്നോട്ടുവെക്കുന്നത്. രസകരമായ സംഗതി, ഏതാണ്ട് ഒരു നൂറ്റാണ്ടുകാലത്തിന് ശേഷവും ബെര്‍നാര്‍ഡ് ലണ്ടന്റെ കുറിപ്പടികളില്‍ നിന്ന് ഒരിഞ്ചുപോലും മുന്നോട്ടുപോകാന്‍ സാമ്പത്തിക നയ രൂപീകരണ വിദഗ്ദ്ധര്‍ക്ക് സാധിച്ചിട്ടില്ലെന്നതാണ്.

നിയോക്ലാസ്സിക്കല്‍ സാമ്പത്തിക മാതൃകകളുടെ മൂശയില്‍ നിന്നുകൊണ്ടാണ് ‘ബ്രേക്കിംഗ് ദ മോള്‍ഡ്’ എന്ന് രഘുറാം രാജനും രോഹിത് ലാംബയും പറയുന്നത്. ഇന്ത്യയുടെ വര്‍ത്തമാന സാഹചര്യത്തില്‍ അതിന് പ്രാധാന്യമേറെയുണ്ടെന്നും അവ ചര്‍ച്ച ചെയ്യേപ്പെടേണ്ടതുണ്ടെന്നും തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. അതേസമയം നാം സ്വീകരിച്ചുകൊണ്ടിക്കുന്ന വാര്‍പ്പുമാതൃകകള്‍ സൃഷ്ടിക്കുന്ന സാമൂഹികാസമത്വങ്ങളുടെയും പാരിസ്ഥിതിക തകര്‍ച്ചകളുടെയും വിഭവ ദൗര്‍ലഭ്യത്തിന്റെയും പ്രശ്നങ്ങള്‍ തിരിച്ചറിയാതെയുള്ള പരിഹാരങ്ങള്‍ കൂടുതല്‍ പ്രതിസന്ധികളിലേക്ക് നമ്മെ കൊണ്ടുചെന്നെത്തിക്കും എന്നത് തിരിച്ചറിയാതെ പോകരുത്.

രഘുറാം രാജന്റെയും രോഹിത് ലാംബയുടെയും പുസ്തകത്തെക്കുറിച്ച് ആമുഖമായി ഇത്രയും കാര്യം സൂചിപ്പിച്ചുകൊണ്ട് പുസ്തകത്തിന്റെ പ്രധാന ഉള്ളടക്കത്തിലേക്ക് കടക്കാം.

വികസന സംവാദങ്ങളിലെ മാര്‍ജിനിലെ കുറിപ്പുകളായെങ്കിലും പ്രത്യക്ഷമാകുമോ ജനാധിപത്യവും സാമൂഹിക നീതിയും?

സാമ്പത്തിക വളര്‍ച്ച അടിസ്ഥാന കാഴ്ചപ്പാടായി നിലനിര്‍ത്തിക്കൊണ്ട് ഇന്ത്യയുടെ സാമ്പത്തിക പുരോഗതി വിശകലനം ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ രഘുറാം രാജനും രോഹിത് ലാംബയും മുന്നോട്ടുവെക്കുന്ന നിര്‍ദ്ദേശങ്ങള്‍ ഗൗരവമായ പരിഗണന അര്‍ഹിക്കുന്നുണ്ട്. ലോകത്തിലെ വന്‍ സാമ്പത്തിക ശക്തിയായി വളരാനുള്ള ഇന്ത്യയുടെ ആഗ്രഹത്തോടൊപ്പം തന്നെ അതിന് ഒരു ജനാധിപത്യ രാജ്യമായി നിലനില്‍ക്കാന്‍ സാധിക്കുമോ എന്നതാണ് പ്രധാന ചോദ്യം.

നിലവില്‍ ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി, യുണൈറ്റഡ് കിംഗ്ഡത്തെയും മറികടന്നുകൊണ്ട്, ഇന്ത്യ മാറിക്കഴിഞ്ഞിരിക്കുന്നുവെന്നത് വസ്തുതയാണ്. എന്നാല്‍ രാജ്യത്തിലെ ജനസംഖ്യയില്‍ വലിയൊരു വിഭാഗം ഇപ്പോഴും കടുത്ത ദാരിദ്ര്യത്തിന്റെയും തൊഴിലില്ലായ്മയുടെയും പിടിയിലാണെന്നതും അത്രതന്നെ യാഥാര്‍ത്ഥ്യമാണ്. 145 കോടി ജനസംഖ്യയുള്ള രാജ്യത്തില്‍ 80 കോടിയോളം പേര്‍ക്ക് സൗജന്യറേഷന്‍ പ്രഖ്യാപിക്കേണ്ടി വരുന്നതിന്റെ യുക്തി പരിശോധിക്കപ്പെടേണ്ടത് പ്രധാനമാണ്.

സാമ്പത്തിക വളര്‍ച്ചയുടെ കാര്യത്തില്‍ നാം എപ്പോഴും താരതമ്യ വിശകലനത്തിന് മുതിരുന്നത് അയല്‍രാജ്യമായ ചൈനയുമായിട്ടാണെന്നത് സ്വാഭാവികമാണ്. അഞ്ച് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ആഭ്യന്തര മൊത്തോല്‍പ്പാദനത്തിന്റെ കാര്യത്തില്‍ ഇന്ത്യയെക്കാളും താഴെയായിരുന്ന ചൈന ഇന്ന് ആഗോള സാമ്പത്തിക ശക്തിയായി മാറിയിരിക്കുന്നു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വലുപ്പം ചൈനയെക്കാളും അഞ്ചിരട്ടി താഴെയാണിന്ന്. എവിടെയാണ് ചൈനീസ് നേതൃത്വത്തിന് വിജയിക്കാന്‍ കഴിഞ്ഞത്? ഇന്ത്യന്‍ ഭരണനേതൃത്വങ്ങള്‍ പരാജയപ്പെട്ടതെവിടെയാണ് എന്നതാണ് ‘ബ്രേക്കിംഗ് ദ മോള്‍ഡ്’ എന്ന പുസ്തകത്തില്‍ പരിശോധിക്കപ്പെടുന്നത്.

ഇന്ത്യയുടെ നിര്‍മ്മാണ മേഖലയ്ക്ക് സംഭവിച്ച പിഴവുകളെയാണ് ലേഖകര്‍ പ്രധാനമായും വിശകലന വിധേയമാക്കുന്നത്. ആഗോളതലത്തില്‍ നിര്‍മ്മാണ മേഖലയിലെ സാന്നിദ്ധ്യമായി ഇന്ത്യക്ക് വളരാന്‍ സാധിക്കാഞ്ഞതിന് പിന്നില്‍ രണ്ട് സുപ്രധാന കാരണങ്ങള്‍ അവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അതിലൊന്ന് രാജ്യത്തെ ജനങ്ങളുടെ ജിവിത നിലവാരം ഉയര്‍ത്തുന്നതില്‍ സംഭവിച്ച പരാജയവും അതോടൊപ്പം നൈപുണിയെ അടിസ്ഥാനപ്പെടുത്തിയുള്ള തൊഴില്‍ വികസനത്തിന്റെ അഭാവവുമാണെന്നാണ്. കുറഞ്ഞ വൈദഗ്ദ്ധ്യം മാത്രം ആവശ്യമുള്ള തൊഴില്‍ മേഖലയില്‍ ആഗോളതലത്തില്‍ കടുത്ത മത്സരം നിലനില്‍ക്കുന്നതോടൊപ്പം ഓട്ടോമേഷന്‍, പ്രൊട്ടക്ഷനിസം എന്നിവ ഇന്ത്യയുടെ തൊഴില്‍ വളര്‍ച്ചയ്ക്ക് വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്.

ഈയൊരവസരത്തില്‍ ഉയര്‍ന്ന വൈദഗ്ദ്ധ്യമുള്ള തൊഴിലവസരങ്ങള്‍ വിപുലീകരിക്കുകയും സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തുകൊണ്ടായിരിക്കണം ഇന്ത്യ മുന്നേറേണ്ടതെന്ന് ലേഖകര്‍ നിര്‍ദ്ദേശിക്കുന്നു. എന്നാല്‍ അതിന് തടസ്സം സൃഷ്ടിക്കുന്ന വിധത്തില്‍ ഇന്ത്യയിലെ സാമൂഹികക്ഷേമ മേഖലയിലെ നിക്ഷേപത്തില്‍ വലിയ തോതിലുള്ള ഇടിവ് സംഭവിക്കുന്നതിനെക്കുറിച്ചും ലേഖകര്‍ ചൂണ്ടിക്കാട്ടുന്നു.

2047ല്‍ ഇന്ത്യയെ വികസിത രാജ്യങ്ങളുടെ പട്ടികയിലേക്ക് എത്തിക്കുമെന്ന് അവകാശപ്പെടുന്ന ഭരണകൂടം രാജ്യത്ത് ഇന്ന് നിലനില്‍ക്കുന്ന ദാരിദ്ര്യത്തെ മറികടക്കുന്നതിനെക്കുറിച്ച് ആലോചിക്കാതിരിക്കുന്നതിലെ മൗഢ്യത്തെക്കുറിച്ച് പുസ്തകത്തില്‍ സൂചിപ്പിക്കുന്നു. ദേശീയ കുടുംബാരോഗ്യ സര്‍വ്വേ നല്‍കുന്ന കണക്കുകള്‍ അനുസരിച്ച് രാജ്യത്ത് 5 വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങളില്‍ 35% പോഷകാഹാരക്കുറവ് അനുഭവിക്കുന്നവരാണെന്നും ശരീരഭാരക്കുറവ് അനുഭവിക്കുന്നവരുടെ ശതമാനം 40ആണെന്നും വ്യക്തമാക്കുന്നു. 2047 ആകുമ്പോഴേക്കും തൊഴിലെടുക്കാന്‍ പ്രാപ്തരാകേണ്ട ഈ വിഭാഗത്തെ പരിഗണിക്കാതെ വികസിത രാഷ്ട്രത്തെക്കുറിച്ച് സങ്കല്പിക്കുന്നതിലെ വിഡ്ഢിത്തത്തെയാണ് ലേഖകര്‍ പരാമര്‍ശിക്കുന്നത്. ആരോഗ്യമില്ലാത്ത ഒരു തലമുറയ്ക്ക് രാജ്യപുരോഗതിയില്‍ കാര്യമായൊന്നും സംഭാവന ചെയ്യാനില്ലെന്നും അതുകൊണ്ടുതന്നെ ഭാവിയിലെ മനുഷ്യ മൂലധനത്തിന് മുന്തിയ പരിഗണന നല്‍കേണ്ടതുണ്ടെന്നും ലേഖര്‍ വാദിക്കുന്നു.

ഡീമോണിറ്റൈസേഷന്‍, ചരക്ക് നികുതി പരിഷ്‌കരണം തുടങ്ങിയ തെറ്റായ നയങ്ങള്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ പിറകോട്ട് നയിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്ന് ലേഖകര്‍ കുറ്റപ്പെടുത്തുന്നു. അതോടൊപ്പം ശരിയായ വികസനാസൂത്രണത്തില്‍ കൃത്യമായ സ്ഥിതിവിവരക്കണക്കുകളുടെയും ഡാറ്റകളുടെയും പങ്കിനെക്കുറിച്ച് സൂചിപ്പിക്കുകയും ചെയ്യുന്നു. സെന്‍സസ്, കുടുംബാരോഗ്യ സര്‍വ്വേ, ഗുണഭോക്തൃ ചെലവ് സര്‍വ്വേ എന്നിവ സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ഉണ്ടായിരിക്കേണ്ടത് വ്യക്തമായ ആസൂത്രണത്തിന് അനിവാര്യമാണെന്നും എന്നാല്‍ നിലവില്‍ സ്ഥിതിവിവരക്കണക്കുകളുടെ കാര്യത്തില്‍ ഒരു ശൂന്യത നിലനില്‍ക്കുകയാണെന്നും ലേഖകര്‍ ചൂണ്ടിക്കാട്ടുന്നു.

Breaking the Mould:
Reimagining India’s Economic Future
Raghuram G Rajan, Rohit Lamba
Penguin Book, 2023

Read more