ആശവർക്കർമാരുടെ ഓണറേറിയം 18,000 രൂപയാക്കി ഉയർത്തി പുതുച്ചേരി സർക്കാർ; കേരളത്തിലെ സമരത്തിന്റെ എഫക്ടെന്ന് സമരക്കാർ

ആശവർക്കർമാരുടെ ഓണറേറിയം 18,000 രൂപയാക്കി ഉയർത്താൻ പുതുച്ചേരി സർക്കാരിന്റെ തീരുമാനം. പ്രതിഫലം ഉയർത്തണമെന്ന ആശമാരുടെ ആവശ്യം സർക്കാർ അംഗീകരിച്ചതായി മുഖ്യമന്ത്രി എൻ രംഗസ്വാമിയാണ് അറിയിച്ചത്. നിലവിൽ 10,000 രൂപയാണ് ആശമാർക്ക് ലഭിക്കുന്നത്.

10,000 രൂപയിൽ 7000 സംസ്ഥാനവും 3000 കേന്ദ്രവിഹിതവുമാണ്. ഇൻസെന്റീവിന് പുറമേയാണിത്. സംസ്ഥാനത്ത് 328 ആശ വർക്കർമാരാണുള്ളത്. കേന്ദ്രാനുമതി ലഭിച്ചാൽ 305 പേരെ കൂടി നിയമിക്കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞു. കേരളത്തിൽ ആശമാർ നടത്തുന്ന സമരത്തിന്റെ എഫക്ട് ആയിട്ടാണ് പുതുച്ചേരി സർക്കാരിന്റെ നീക്കത്തെ കാണുന്നതെന്ന് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശമാർ പറയുന്നു.

സമരം ഇന്ന് 47 ദിവസത്തിലേക്കും നിരാഹാര സമരം എട്ടാം ദിവസത്തിലേക്കും കടന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് ഇന്നലെ വൈകുന്നേരം നിരാഹാരം ഇരുന്ന ആശാപ്രവർത്തകരെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

ആശാ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എംഎ ബിന്ദു ആശാവർക്കർ കെപി തങ്കമണി എന്നിവരെയാണ് കഴിഞ്ഞ ദിവസം ആശുപത്രിയിലേക്ക് മാറ്റിയത്. ഇവർക്ക് പകരമായി പുത്തൻതോപ്പ് സിഎച്ച്സിയിലെ ആശാവർക്കർ ബീനാപീറ്റർ, പാലോട് സിഎച്ച്സിയിലെ എസ്എസ് അനിതകുമാരി എന്നിവർ നിരാഹാര സമരം ഏറ്റെടുത്തു.