കാക്കനാട് ജില്ലാ ജയിലിലെ ജാതി അധിക്ഷേപ കേസിൽ റിപ്പോർട്ട് തേടി മനുഷ്യാവകാശ കമ്മീഷൻ. മൂന്നാഴ്ചയ്ക്കകം അന്വേഷണ റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം. കേസ് ഡിവൈഎസ്പി അന്വേഷിക്കണമെന്നും റിപ്പോർട്ട് സമർപ്പിക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ ജില്ലാ പൊലീസ് മേധാവിക്ക് നിർദേശം നൽകി.
ജാതി അധിക്ഷേപം ഉന്നയിച്ച് ജയിലിലെ ഡോക്ടർ ബെൽനാ മാർഗ്രറ്റിനെതിരെയാണ് ഫാർമസിസ്റ്റ് വി സി ദീപ പരാതി നൽകിയത്. ഡോക്ടർ ബെൽനാ മാർഗ്രറ്റ് ജാതിപ്പേര് വിളിച്ചെന്നായിരുന്നു പരാതി. പുലയർക്ക് പാടത്ത് പണിക്ക് പോയാൽ പോരെ എന്ന് ആക്ഷേപിച്ചുവെന്നും വണ്ടിയിടിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറഞ്ഞിരുന്നു.
ഡോക്ടറുടെ ശുചിമുറി സ്ഥിരമായി കഴുകിച്ചുവെന്നും പരാതിയിൽ പറഞ്ഞിരുന്നു. ഫാർമസിസ്റ്റിന്റെ പരാതിയിൽ ഡോക്ടർക്കെതിരെ പൊലീസ് കേസ് എടുത്തിരുന്നു. മുഖ്യമന്ത്രിക്കും ഫാർമസിസ്റ്റ് പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കേസിൽ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടിയത്.