പന്തളം നഗരസഭയില്‍ രാജി സമര്‍പ്പിച്ച് അധ്യക്ഷയും ഉപാധ്യക്ഷയും; ജനാധിപത്യത്തിന്റെ വിജയമെന്ന് യുഡിഎഫ് 

പന്തളം നഗരസഭയില്‍ രാജി സമര്‍പ്പിച്ച് അധ്യക്ഷയും ഉപാധ്യക്ഷയും. ചെയര്‍പേഴ്സണ്‍ സുശീല സന്തോഷും ഉപാധ്യക്ഷയായ രമ്യയുമാണ് രാജി സമര്‍പ്പിച്ചത്. എന്നാല്‍ വ്യക്തിപരമായ അസൗകര്യങ്ങളെ തുടര്‍ന്നാണ് രാജിയെന്നാണ് സുശീല സന്തോഷിന്റെ പ്രതികരണം. പാലക്കാട് നഗരസഭയ്ക്ക് പിന്നാലെ ആയിരുന്നു പന്തളം നഗരസഭയും ബിജെപി പിടിച്ചത്.

ബുധനാഴ്ച മൂന്ന് വിമത ബിജെപി അംഗങ്ങളെ കൂട്ടുപിടിച്ച് എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പരിഗണിക്കാനിരിക്കെയാണ് അധ്യക്ഷയും ഉപാധ്യക്ഷയും രാജി വച്ചത്. എല്‍ഡിഎഫിന്റെ അവിശ്വാസത്തിന് യുഡിഎഫിന്റെയും പിന്തുണയുണ്ടായിരുന്നു. എല്‍ഡിഎഫ് നഗരസഭയിലെ രാജിയ്ക്ക് പിന്നാലെ പടക്കം പൊട്ടിച്ച് ആഘോഷിച്ചു.

Read more

ജനാധിപത്യത്തിന്റെ വിജയമെന്നായിരുന്നു രാജിയെ കുറിച്ച് യുഡിഎഫ് നേതാക്കളുടെ പ്രതികരണം. പാര്‍ട്ടിയിലെ ആഭ്യന്തര തര്‍ക്കങ്ങളെ തുടര്‍ന്ന് പന്തളത്ത് പരസ്യമായ നിലപാടെടുത്ത് മൂന്ന് ബിജെപി അംഗങ്ങള്‍ കലാപക്കൊടി ഉയര്‍ത്തിയിരുന്നു. എന്നാല്‍ പ്രശ്‌നം പരിഹരിക്കാന്‍ ബിജെപിക്ക് സാധിച്ചില്ല. വ്യക്തിപരായ കാരണം കൊണ്ടാണ് സുശീലയും രമ്യയും രാജിവെച്ചതൊന്നും നഗരസഭ ബിജെപി തന്നെ ഭരിക്കുമെന്നും ബിജെപി ജില്ലാ പ്രസിഡന്റ് വി എ സൂരജ് പ്രതികരിച്ചു.