ചാണ്ടി പറഞ്ഞത് മനസ്സിൽ തറച്ച കാര്യങ്ങളാകും, പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്ന് തിരുവഞ്ചൂ‍ർ രാധാകൃഷ്ണൻ; ചാണ്ടി ഉമ്മനുമായി ഭിന്നതയില്ലെന്ന് രാഹുൽ മാങ്കൂട്ടം

പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മൻ എംഎൽഎ രംഗത്ത് എത്തിയതിന് പിന്നാലെ പ്രതികരണവുമായി കോൺഗ്രസ്സ് നേതാക്കൾ. ചാണ്ടി ഉമ്മന്റെ മനസ്സിൽ തറച്ച കാര്യങ്ങളാകും പറഞ്ഞതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. അതേസമയം ചാണ്ടി ഉമ്മൻ സഹോദരനെ പോലെയാണെന്ന് രാഹുൽ മാങ്കൂട്ടത്തിലും പ്രതികരിച്ചു.

പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ എല്ലാവർക്കും ചുമതലകൾ നൽകിയപ്പോൾ തനിക്ക് മാത്രം ഒന്നും തന്നില്ലെന്നാണ് ചാണ്ടി ഉമ്മൻ പറഞ്ഞത്. എന്നാൽ ചാണ്ടിയോട് സംസാരിക്കാൻ ശ്രമിച്ചുവെന്നും പക്ഷെ കിട്ടിയില്ലെന്നും തിരുവഞ്ചൂർ പറഞ്ഞു. എല്ലാ പ്രശ്നത്തിനും പരിഹാരം എന്ന നിലയിൽ മുന്നോട്ട് പോകുമെന്നും പ്രശ്നങ്ങൾ ഉണ്ടാക്കുന്ന നിലയിലേക്ക് ആരും പോകരുതെന്നും തിരുവഞ്ചൂർ കൂട്ടിച്ചേർത്തു.

അതേസമയം ചാണ്ടി ഉമ്മനുമായി ഭിന്നതയില്ലെന്നും സഹോദരനായാണ് അദ്ദേഹത്തെ കാണുന്നതെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. പാലക്കാട്ടെ തിരഞ്ഞെടുപ്പിൽ ചാണ്ടിയുടെ സാന്നിധ്യമുണ്ടായിരുന്നുവെന്നും രാഹുൽ പറഞ്ഞു. ചാണ്ടി ഉമ്മന് പരാതിയുണ്ടെങ്കിൽ നേതൃത്വവുമായി പറയുകയാണ് വേണ്ടതെന്നും താനല്ല മറുപടി നൽകേണ്ടതെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.