കുട്ടി കാനയില്‍ വീണത് ഒറ്റപ്പെട്ട സംഭവം; മാപ്പ് പറഞ്ഞ് കൊച്ചി കോര്‍പ്പറേഷന്‍; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

പനമ്പിള്ളി നഗറില്‍ മൂന്നുവയസുകാരന്‍ കാല്‍വഴുതി കാനയില്‍ വീണ സംഭവത്തില്‍ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെ മാപ്പ് പറഞ്ഞ് കൊച്ചി കോര്‍പറേഷന്‍. കുട്ടികള്‍ക്ക് പോലും നടക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്നും ബാരിക്കേഡ് വെച്ചാല്‍ ഒഴിവാക്കാമായിരുന്ന അപകടമായിരുന്നുവെന്നും ഹൈക്കോടതി പറഞ്ഞു. ഇതിന് പിന്നാലെയാണ് കോര്‍പറേഷന്‍ കോടതിയില്‍ മാപ്പ്പ റഞ്ഞത്. വിഷയത്തില്‍  ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു.

വിഷയത്തില്‍ മുമ്പ് തന്നെ കോര്‍പറേഷനോട് ഹൈക്കോടതി വിശദീകരണം തേടിയിരുന്നു. രണ്ടാഴ്ചക്കുള്ളില്‍ കൊച്ചിയിലെ ഓടകള്‍ മുഴുവന്‍ അടക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍, ഇത് ഒറ്റപ്പെട്ട സംഭവമാണെന്നും മാപ്പ് പറയുന്നുവെന്നും കോര്‍പറേഷന്‍ കോടതിയെ അറിയിച്ചു.

പനമ്പിള്ളി നഗര്‍ ഗ്രന്ഥപ്പുര ലൈബ്രറിക്ക് സമീപം വോക്ക് വേയിലെ കാനയിലാണ് കുട്ടി വീണത്. നടപ്പാതയുടെ വിടവിലൂടെ കുട്ടി ഓടയിലേക്ക് വീഴുകയായിരുന്നു. അഴുക്കുവെള്ളത്തില്‍ പൂര്‍ണമായും മുങ്ങിപ്പോയ കുട്ടി, ഒഴുകിപ്പോകാതിരുന്നത് അമ്മയുടെ ഇടപെടല്‍ മൂലമാണ്. കാനയിലേക്കിറങ്ങിയ അമ്മ കുട്ടിയെ കാലുകൊണ്ട് ഉയര്‍ത്തിപ്പിടിച്ചു.

Read more

അമ്മയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കുട്ടിയെ ഓടയില്‍ നിന്നും പുറത്തെടുത്തത്. വീഴ്ചയില്‍ പരിക്കേറ്റ കുട്ടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.