ചിമ്പാന്‍സിയുടെ തലവെട്ടി പകരം എം.എം മണിയുടെ ഫോട്ടോ; വിവാദമായി മഹിളാ കോണ്‍ഗ്രസ് മാര്‍ച്ച്‌

കെ കെ രമ എംഎല്‍എയ്ക്ക് എതിരെ വിവാദ പരാമര്‍ശം നടത്തിയ എം എം മണി എംഎല്‍എയെ അധിക്ഷേപിച്ച് മഹിളാ കോണ്‍ഗ്രസിന്റെ പ്രതിഷേധ മാര്‍ച്ച്. ചിമ്പാന്‍സിയുടെ ചിത്രത്തില്‍ എം എം മണിയുടെ തല വെട്ടിയൊട്ടിച്ചായിരുന്നു പ്രതിഷേധം.

തിരുവനന്തപുരത്ത് നിയമസഭയിലേക്കാണ് മാര്‍ച്ച് നടത്തിയത്. ആള്‍ക്കുരങ്ങിനെ ചങ്ങലിക്കിടുന്ന തരത്തിലുള്ള ഫ്‌ളക്‌സ് ബോര്‍ഡുമായാണ്് പ്രതിഷേധം. ജില്ലാക്കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാര്‍ച്ച് സംഘടിപ്പിച്ചത്.

സംഭവം വിവാദമായി മാറിയതിനെ തുടര്‍ന്ന് ഈ ഫ്‌ളക്‌സ് ഒഴിവാക്കി. ഫ്‌ളക്‌സിലെ പടം മറച്ച് ഷര്‍ട്ട് ധരിപ്പിക്കുകയായിരുന്നു. ഒരു മഹതി സര്‍ക്കാരിന് എതിരെ സംസാരിച്ചു, ആ മഹതി വിധവയായിപ്പോയി. അത് അവരുടെ വിധിയാണ്. തങ്ങള്‍ ആരും അതില്‍ ഉത്തരവാദികള്‍ അല്ലെന്നുമായിരുന്നു എംഎം മണിയുടെ വിവാദ പരാമര്‍ശം.

ഇതേ തുടര്‍ന്ന് നിരവധി പേര്‍ പ്രതിഷേധം അറിയിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ താന്‍ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും പരാമര്‍ശം പിന്‍വലിക്കില്ലെന്നുമാണ് എം എം മണിയുടെ പ്രതികരണം.