മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം ഇന്ന് വൈകുന്നേരം ആറിന്

കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വൈകുന്നേരം ആറ് മണിക്ക് മാധ്യമങ്ങളെ കാണും. കോവിഡ് വ്യാപനം ഉയരുന്ന പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയെ കാണാനില്ലെന്ന് വിമർശനം ഉയർന്ന സാഹചര്യത്തിലാണ് വാർത്താസമ്മേളം.

36 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നത്. നേരത്തെ കോവിഡ് അവലോകനയോ​ഗത്തിന് ശേഷമുള്ള മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനങ്ങൾ ജനങ്ങളിൽ വലിയ സ്വാധീനം ചെലുത്തിയിരുന്നു.

കോവിഡ് വ്യാപനം രൂക്ഷമായി തുടർന്നിട്ടും മാധ്യമങ്ങളിലൂടെ ജനങ്ങളോട് സംസാരിക്കാൻ മുഖ്യമന്ത്രി തയ്യാറാവാതിരുന്നത് പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കിയിരുന്നു.

രാജ്യത്ത് പ്രതിദിനകോവിഡ് നിരക്ക് ഏറ്റവും ഉയർന്ന സംസ്ഥാനമായി കേരളം മാറിയതോടെ മുഖ്യമന്ത്രി പിണറായി വിജയനെ കാണാനില്ലെന്ന് പരിഹസിച്ച് പ്രതിപക്ഷ പാർട്ടികൾ രം​ഗത്തെത്തി.

ആറു മണി വാര്‍ത്താസമ്മേളനം കേരളം കൊതിക്കുന്നുവെന്നും ക്യാപ്റ്റനെ മിസ് ചെയ്യുന്നുവെന്നുമാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞത്.