സംസ്ഥാനത്ത് ശനിയാഴ്ചയും ഞായറാഴ്ചയും സമ്പൂർണ ലോക്ഡൗൺ ആയിരിക്കും. അവശ്യസർവീസുകൾക്കും അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്കും മാത്രമാണ് അനുമതി. പാഠപുസ്തക അച്ചടി നടക്കുന്നതിനാൽ കേരള ബുക്‌സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിക്ക് പ്രവർത്തനാനുമതി നൽകിയിട്ടുണ്ട്.
തിങ്കളാഴ്ച മുതൽ, നേരത്തേ പ്രഖ്യാപിച്ചിട്ടുള്ള രിതിയിൽ രോഗസ്ഥിരീകരണ നിരക്കിന്റെ അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങളും ഇളവുകളും തുടരും. രോഗികൾ അധികമുള്ള പ്രദേശങ്ങൾ പ്രത്യേക ക്ലസ്റ്ററുകളായിത്തിരിച്ച് നിയന്ത്രണം ശക്തിപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു.
എല്ലാക്കാലവും ഇങ്ങനെ അടച്ചിടാനാകില്ലെന്നും പകരം ശാസ്ത്രീയ മാർഗങ്ങൾ അന്വേഷിക്കണമെന്നും കോവിഡ് അവലോകന യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. ബുധനാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ വിദഗ്ധ സമിതിയേയും ചുമതലപ്പെടുത്തി.
Read more
നീണ്ടുപോകുന്ന അടച്ചിടലിൽ ഉയരുന്ന ജനരോഷം മനസ്സിലാക്കിയും അതിലെ അതൃപ്തി പരസ്യമാക്കിയുമായിരുന്നു ഉന്നതതല യോഗത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം. കോവിഡ് നിയന്ത്രണങ്ങൾ ജനങ്ങളെ ബാധിക്കുന്നതിനാൽ ഏറെക്കാലം ഈ രീതിയിൽ നിയന്ത്രണങ്ങളുമായി മുന്നോട്ടു പോകാനാകില്ല. ശാസ്ത്രീയമായ ബദൽ മാർഗങ്ങൾ കണ്ടെത്തണം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മാത്രം അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങൾ ഇനിയും തുടരണോയെന്ന കാര്യത്തിലും മുഖ്യമന്ത്രി സംശയം പ്രകടിപ്പിച്ചു. വിശദമായ പഠനം നടത്തി ബുധനാഴ്ച റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു. എല്ലാ മേഖലകളിലേയും വിദഗ്ധരുമായി ചർച്ച നടത്തിയാകും റിപ്പോർട്ട് തയ്യാറാക്കുക.