ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ പ്രവേശന നടപടികള്‍ പൂര്‍ത്തികരിച്ചു; ഒഴിഞ്ഞു കിടക്കുന്നത് 53,253 സീറ്റുകള്‍; മലപ്പുറത്തും സീറ്റുകള്‍ അധികം; പ്രതിപക്ഷ വാദങ്ങള്‍ പൊളിഞ്ഞു

ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ പ്രവേശന നടപടികള്‍ പൂര്‍ത്തിയാപ്പോള്‍ സംസ്ഥാനത്ത് ഒഴിഞ്ഞു കിടക്കുന്നത് 53,253 സീറ്റുകള്‍. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകളിലായി ഈ വര്‍ഷം 3,88,634 പേര്‍ പ്രവേശിച്ചു. മൊത്തം 4,66,071 അപേക്ഷകരില്‍ 44,410 വിദ്യാര്‍ഥികള്‍ ഒന്നിലധികം സീറ്റുകളിലേക്ക് അപേക്ഷിച്ചവരായിരുന്നു.

കൂടുതല്‍ അപേക്ഷകരുള്ള ഏഴ് ജില്ലകളില്‍ 20 ശതമാനം സീറ്റ് വര്‍ധന ആദ്യമേ പ്രഖ്യാപിച്ചിരുന്നു. അവസാന ഘട്ടത്തില്‍ മലപ്പുറത്ത് 74 സര്‍ക്കാര്‍ സ്‌കൂളിലും കാസര്‍കോട് 18 സര്‍ക്കാര്‍ സ്‌കൂളിലും പുതിയ ബാച്ചുകള്‍ അനുവദിച്ചു. മലപ്പുറത്ത് ഹ്യുമാനിറ്റീസ് കോമ്പിനേഷനില്‍ 59 ബാച്ചുകളും കൊമേഴ്സ് കോമ്പിനേഷനില്‍ 61 ബാച്ചുകളും ലഭിച്ചു. സയന്‍സ് കോമ്പിനേഷനില്‍ ആവശ്യത്തിന് സീറ്റ് നേരത്തേ തന്നെയുണ്ടായിരുന്നു.

മലപ്പുറത്ത് സീറ്റുകള്‍ ഇല്ലെന്ന് പ്രതിപക്ഷം ഉയര്‍ത്തിയ വാദങ്ങള്‍ കൂടി ഇതോടെ അവസാനിച്ചു. സീറ്റ് കുറവിനെതിരെ എംഎസ്എഫും കെഎസ്യുവും അടക്കമുള്ളവര്‍ സമരങ്ങള്‍ നടത്തിയിരുന്നു. നിലവില്‍ മലപ്പുറത്ത് സര്‍ക്കാര്‍ സ്‌കൂളുകളില്‍ 2133 സീറ്റുകള്‍ ഒഴിഞ്ഞ് കിടക്കുകയാണ്.