കേരള വനം വികസന കോര്‍പറേഷന്റെ നേതൃത്വത്തില്‍ തോട്ടങ്ങളില്‍ ഒരു വര്‍ഷത്തേക്കു യൂക്കാലി മരങ്ങള്‍ നടാനുള്ള ഉത്തരവ് പിന്‍വലിച്ചു. പരിസ്ഥിതി പ്രവര്‍ത്തകരും വിവിധ സംഘടനകളും പ്രതിഷേധം ഉയര്‍ത്തിയതോടെയാണ് വനം വകുപ്പ് ഉത്തരവ് റദ്ദാക്കിയത്. കെഎഫ്ഡിസിയുടെ അംഗീകൃത വര്‍ക്കിങ് പ്ലാന്‍ പ്രകാരം, യൂക്കാലി മരങ്ങള്‍ മുറിച്ചു നീക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കു മാത്രം അനുമതി നല്‍കിയാണ് ഉത്തരവ് ഭേദഗതി ചെയ്തിരിക്കുന്നത്.
കെഎഫ്ഡിസി തോട്ടങ്ങളില്‍ ഒരു വര്‍ഷത്തേക്കു യൂക്കാലി മരങ്ങള്‍ നടാന്‍ അനുമതി നല്‍കിയ മുന്‍ ഉത്തരവിലെ പരാമര്‍ശം ഒഴിവാക്കിയാണ് വനം അഡീഷനല്‍ ചീഫ് സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍ പുതിയ ഉത്തരവ് ഇന്നലെ ഇറക്കിയിരിക്കുന്നത്.
യൂക്കാലി നടുന്നതു സംബന്ധിച്ചു സര്‍ക്കാരിന്റെയും ഇടതുമുന്നണിയുടെയും നയങ്ങള്‍ക്കു വിരുദ്ധമായ നിലപാടാണു വനം വകുപ്പ് സ്വീകരിച്ചതെന്ന വിമര്‍ശനമുയര്‍ന്നതു സര്‍ക്കാരിനെയും വനം വകുപ്പിനെയും വെട്ടിലാക്കി. ജലം വലിച്ചെടുക്കുന്നവയും പരിസ്ഥിതിക്കു ദോഷമുണ്ടാക്കുന്നവയുമാണെന്ന വിലയിരുത്തലിനെത്തുടര്‍ന്നു യൂക്കാലി, അക്കേഷ്യ എന്നിവ നടുന്നതു വിലക്കി 2017ല്‍ സംസ്ഥാന വനം വകുപ്പ് ഉത്തരവിറക്കിയിരുന്നു.
യൂക്കാലി നട്ട് കാട്ടിനുള്ളിലെ ആവാസ വ്യവസ്ഥ അട്ടിമറിക്കാന്‍ വനംവകുപ്പ് ശ്രമിക്കുന്നത് കേന്ദ്ര വനംമന്ത്രാലയത്തിന്റെ വിലക്കുകള്‍ മറികടന്നാണെന്ന് രേഖകള്‍ സഹിതം പുറത്തു വന്നിരുന്നു. കാടിനെ തന്നെ നശിപ്പിക്കുന്ന യൂക്കാലി മരങ്ങള്‍ നടാന്‍ കേരളത്തിന് കേന്ദ്രം അനുമതി നല്‍കിയിരുന്നില്ല. ഈ നിര്‍ദേശം മറികടന്നാണ് വനങ്ങളില്‍ വീണ്ടും യൂക്കാലി മരങ്ങള്‍ നടാന്‍ വനം വികസന കോര്‍പ്പറേഷന്‍ ശ്രമിച്ചത്.
യൂക്കാലി മരങ്ങള്‍ നടാനുള്ള കോര്‍പറേഷന്റെ നീക്കം കേരളത്തിലെ വനം കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റിയും തള്ളിയിരുന്നു. ഇതൊല്ലാം മറച്ചുവെച്ചാണ് കേര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടറുടെ അപേക്ഷ സ്വീകരിച്ച് വനത്തെ ഇല്ലാതാക്കാനുള്ള നീക്കത്തിന് സര്‍ക്കാര്‍ ആദ്യം അനുമതി നല്‍കിയിരിക്കുന്നത്.
ഭരണഘടനയുടെ കണ്‍കറന്റ് പട്ടികയിലാണ് വനം ഉള്‍പ്പെടുന്നത്. അതിനാല്‍ കേന്ദ്രം നിഷേധിച്ചത് സംസ്ഥാന വനംവകുപ്പിന് അനുവദിക്കാനാവില്ലെന്നുള്ളതാണ് നിയമം. വനനയപ്രകാരം അക്കേഷ്യ, മാഞ്ചിയം, യൂക്കാലി തോട്ടങ്ങള്‍ പൂര്‍ണമായി ഇല്ലാതാക്കാനാണ് കേരളത്തിന് നിര്‍ദേശം ലഭിച്ചിരിക്കുന്നത്.
Read more
അതേസമയം, വനനയം നിലവില്‍ വരുന്നതിനുമുന്‍പുതന്നെ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച, വനംവികസന കോര്‍പ്പറേഷന്റെ വര്‍ക്കിങ് പ്ലാന്‍ പ്രകാരമാണ് യൂക്കാലി നടാന്‍ അനുമതി നല്‍കിയതെന്നാണ് മന്ത്രി ന്യായീകരിച്ചത്്. ഇത് മറ്റാര്‍ക്കും ബാധകമല്ല. വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേഷന്റെ നിലനില്‍പ്പിനുവേണ്ടി ഒറ്റത്തവണത്തേക്ക് മാത്രമായാണ് അനുമതി നല്‍കിയതെന്നും മന്ത്രി ശശീന്ദ്രന്‍ പറഞ്ഞിരുന്നു.