ഇടപ്പള്ളി-മണ്ണുത്തി ദേശീയപാത നിര്‍മ്മാണത്തില്‍ അഴിമതി; സി.ബി.ഐ കുറ്റപത്രം

ഇടപ്പള്ളി-മണ്ണുത്തി ദേശീയപാത നിര്‍മാണത്തില്‍ ക്രമക്കേടെന്ന് സി.ബി.ഐ കുറ്റപത്രം. റോഡ് നിര്‍മിച്ചത് മോശം നിലവാരത്തില്‍. കുറഞ്ഞ കനത്തില്‍ ടാര്‍ ചെയ്‌തെന്നും അഴിമതിയില്‍ എന്‍എച്ച്എഐ ഉദ്യോഗസ്ഥര്‍ക്കും പങ്കെന്നും സിബിഐ കുറ്റപത്രത്തില്‍ പറയുന്നു.

ബസ് ബേ നിര്‍മാണത്തിലും പാരലല്‍ റോഡ് നിര്‍മാണത്തിലും വലിയ ക്രമക്കേട് നടന്നതായി കുറ്റപത്രത്തില്‍ പറയുന്നു. ടാറിംഗിന് 22.50 സെന്റിമീറ്റര്‍ കനം വേണ്ടിടത്ത് 16 മുതല്‍ 18 സെന്റിമീറ്റര്‍ വരെ മാത്രമാണ് കനമെന്നും കുറ്റപത്രത്തില്‍ പറയുന്നു..

2006ല്‍ നിര്‍മാണം തുടങ്ങി, 2028 വരെ പരിപാലന കാലാവധിയുള്ള റോഡ് പെട്ടെന്ന് പൊട്ടിപ്പൊളിഞ്ഞ് നാശമായത് വന്‍ വിവാദമായിരുന്നു. ഇത് ചൂണ്ടിക്കാട്ടി നല്‍കിയ പരാതിയില്‍ 2020 ജൂലായ് ഏഴിനായിരുന്നു സി.ബി.ഐ എഫ്.ഐ.ആറിട്ടത്.

റോഡ് നിര്‍മിച്ച ഗുരവായൂര്‍ ഇന്‍ഫ്രാസ്ട്രക്ച്ര് കമ്പനി നാഷണല്‍ ഹൈവേ അതോറിറ്റി എന്നിവരെ പ്രതിയാക്കി സി.ബി.ഐ എടുത്ത കേസില്‍ 102 കോടിയുടെ പ്രാഥമിക ക്രമക്കേടാണ് കണ്ടെത്തിയത്. ഇതില്‍ എട്ട് ഉദ്യോഗസ്ഥരെ പ്രതികളാക്കിയാണ് കുറ്റപത്രം.