യാക്കോബായ സഭക്ക് പുതിയ കാതോലിക്ക ബാവ, ജോസഫ് മാർ ഗ്രീഗോറിയോസിന്റെ സ്ഥാനാരോഹണം ഇന്ന്; ബെയ്‌റൂത്തില്‍ രാത്രി 8.30ന് ചടങ്ങ്

യാക്കോബായ സഭയുടെ പുതിയ കാതോലിക്കയായി ജോസഫ് മാർ ഗ്രീഗോറിയോസിനെ ഇന്ന് വാഴിക്കും. ചടങ്ങിൽ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ പാത്രിയർക്കീസ് ബാവ മുഖ്യ കാർമികത്വം വഹിക്കും. ബെയ്റുത്തിലെ പാത്രിയർക്ക അരമനയോട് ചേർന്നുള്ള സെൻറ് മേരിസ് കത്തീഡ്രൽ പള്ളിയിൽ ഇന്ത്യൻ സമയം രാത്രി 8.30നാണ് വാഴിക്കൽ ശുശ്രൂഷ.

വിവിധ ക്രൈസ്തവ സഭകളുടെ അധ്യക്ഷന്മാരും മെത്രാപ്പോലീത്തമാരും ചടങ്ങിൽ പങ്കെടുക്കും. യാക്കോബായ സഭാംഗങ്ങളുടെ പ്രതിനിധി സംഘവും മാര്‍ത്തോമ്മാ സഭയുടെ ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പൊലീത്തയും ബെയ്‌റൂത്തില്‍ എത്തിയിട്ടുണ്ട്. മലങ്കര കാത്തോലിക്ക സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവാ പങ്കെടുക്കും.

മന്ത്രി പി രാജീവിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധി സംഘവും ചടങ്ങില്‍ സന്നിഹിതരാകും. കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധി സംഘവും ചടങ്ങുകളില്‍ പങ്കെടുക്കും. സഭാ ഭാരവാഹികളും വിശ്വാസികളും ഉള്‍പ്പെടെ കേരളത്തില്‍ നിന്നു നാനൂറോളം ചടങ്ങുകളില്‍ പങ്കെടുക്കും. അതേസമയം പുതിയ കാതോലിക്കയെ വാഴിക്കുന്നതിനുളള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി യാക്കോബായ സഭാ മീഡിയാ സെൽ ചെയർമാൻ കുര്യാക്കോസ് മാർ തെയോഫിലോസ് മെത്രാപ്പൊലീത്ത അറിയിച്ചു.

Read more