പിപി ദിവ്യക്കെതിരെ പാര്‍ട്ടി കടുത്ത നടപടികളെടുത്തതിന് പിന്നാലെ ജാമ്യഹർജിയിൽ ഉത്തരവ് ഇന്ന്. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജ് നിസാർ അഹമ്മദാണ് ഉത്തരവ് പറയുക. പതിനൊന്ന് ദിവസമായി പളളിക്കുന്നിലെ വനിതാ ജയിലിൽ റിമാൻഡിലാണ് പിപി ദിവ്യ. ചൊവ്വാഴ്ചയാണ് റിമാൻഡ് കാലാവധി അവസാനിക്കുന്നത്. ജില്ലാ കോടതി ജാമ്യം നിഷേധിച്ചാൽ ഹൈക്കോടതിയെ സമീപിക്കാനാണ് ദിവ്യയുടെ തീരുമാനം.
അന്വേഷണവുമായി സഹകരിച്ചെന്നും ജാമ്യം നൽകണമെന്നുമാണ് ദിവ്യയുടെ വാദം. എഡിഎം കൈക്കൂലി വാങ്ങിയതിന് സാഹചര്യത്തെളിവുകളുണ്ടെന്നും ആരോപണം നല്ല ഉദ്ദേശത്തിലെന്നും വാദിച്ച പ്രതിഭാഗം യാത്രയയപ്പ് യോഗത്തിലെ സംസാരം ഒഴിവാക്കേണ്ടതായിരുന്നുവെന്നും ദിവ്യ കോടതിയിൽ സമ്മതിച്ചിരുന്നു. എന്നാൽ ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷനും നവീൻ ബാബുവിന്റെ കുടുംബവും എതിർത്തു.
Read more
ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട് റിമാൻഡിൽ കഴിയുന്ന പിപി ദിവ്യയെ തരംതാഴ്ത്തുന്നതായിരുന്നു പാര്‍ടി നടപടി. കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായിരുന്ന ദിവ്യയെ സിപിഎം പ്രാഥമിക അംഗത്വത്തിലേക്കാണ് തരംതാഴ്ത്തിയത്. സിപിഎമ്മിൽ ഏറ്റവും ഉയർന്ന രണ്ടാമത്തെ അച്ചടക്ക നടപടിയാണ് ബ്രാഞ്ച് അംഗത്വത്തിലേക്കുള്ള തരംതാഴ്ത്തൽ. ദിവ്യയെ തരംതാഴ്ത്താൻ കണ്ണൂർ ജില്ലാ കമ്മിറ്റിയെടുത്ത തീരുമാനം സംസ്ഥാന നേതൃത്വത്തിന്റെ അനുമതിക്കായി വിട്ടിരുന്നു.