ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാരിന് ഒന്നും മറച്ചുവെയ്ക്കാനില്ല; മുഖ്യമന്ത്രിയെ ആക്രമിക്കുന്നത് അജണ്ടയുടെ ഭാഗം; കേരളത്തില്‍ ഉള്ളത് കമ്മ്യൂണിസ്റ്റ് വിരുദ്ധ മാധ്യമങ്ങളെന്ന് സിപിഎം

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാരിന് ഒന്നും മറച്ചുവെയ്ക്കാനില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. മുഖ്യമന്ത്രിയെ അടക്കം വ്യക്തിപരമായി ആക്രമിക്കുന്നത് വ്യക്തമായ അജണ്ടയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ ഉള്ളത് പോലെ കമ്മ്യൂണിസ്റ്റ് വിരുദ്ധ മാധ്യമങ്ങള്‍ ലോകത്ത് വേറെ എവിടെയും ഇല്ല. തീവ്ര വലതുപക്ഷത്തിന് അടിത്തറ ഉണ്ടാക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്നും ഇടതുപക്ഷ സര്‍ക്കാരിനെ കടന്നാക്രമിക്കുന്നുവെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.

സിനിമ മേഖലയിലെ സ്ത്രീ വിരുദ്ധത അവസാനിപ്പിക്കാന്‍ എന്തൊക്കെ ചെയ്യണമോ അതെല്ലാം നടപ്പാക്കും. സിനിമ മേഖലയിലെ തെറ്റായ ഒരു പ്രവണതയ്ക്കും കൂട്ടുനില്‍ക്കാനാകില്ല. സര്‍ക്കാരിനും അതേ നിലപാടാണ്. ആര്‍ക്കെതിരെ എന്നത് പ്രശ്‌നമല്ല. ജന്മിത്ത കാലത്തുണ്ടായിരുന്ന ജീര്‍ണത പുതിയ രീതിയില്‍ അതിലും ഗുരുതരമായ രീതിയില്‍ ഈ മേഖലയില്‍ നിലനില്‍ക്കുന്നു. അതാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലൂടെ പുറത്തുവരുന്നത്.

കമ്മിറ്റിയുടെ കണ്ടെത്തലുകള്‍ ഒന്നും ഇല്ലാത്ത കാര്യങ്ങളല്ല. അവയൊന്നും തെറ്റെന്ന് പറയാനാകില്ല. സര്‍ക്കാരിന് ഒന്നും മറച്ചുവയ്ക്കക്കാക്കാനില്ല. സമത്വം സ്ത്രീക്കും പുരുഷനും തുല്യമായിരിക്കണം. വേതനം അടക്കമുള്ള കാര്യങ്ങളില്‍ ഇതുണ്ടാകണം. തൊഴിലിടങ്ങളില്‍ എന്തൊക്കെ സൗകര്യങ്ങളാണോ ഇല്ലാത്തത് അതെല്ലാം ഉണ്ടാക്കണം. വെളിപ്പെടുത്തലുകള്‍ വരുമ്പോള്‍ പലര്‍ക്കും രാജി വയ്‌ക്കേണ്ടിവരും. രഞ്ജിത്തും സിദ്ദിഖും രാജിവെച്ചിട്ടുണ്ട്. അങ്ങനെയുള്ള കാര്യങ്ങളിലൊന്നും സര്‍ക്കാരിനൈനെയോ സിപിഐ എമ്മിനൈയോ ഒരു തരത്തിലും ബാധിക്കുന്നവയല്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ എന്തൊക്കെ നടപ്പാകണമെന്ന് കോടതി പറയുന്നോ അക്കാര്യങ്ങളെല്ലാം നടപ്പാക്കും.