ബാര്‍ കോഴ കേസുമായി ബന്ധപ്പെട്ട് ബാറുടമകളുടെ സംഘടനയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ തേടി ക്രൈംബ്രാഞ്ച്. വിവാദത്തിന് പിന്നാലെ ഗൂഢാലോചന അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘമാണ് അക്കൗണ്ട് വിശദാംശങ്ങൾ ആവശ്യപ്പെട്ട് സംഘടന നേതൃത്വത്തിന് കത്ത് നൽകിയത്. അതേസമയം ഓഡിയോ സന്ദേശമിട്ട ഗ്രൂപ്പിലെ മറ്റ് ബാറുടമകളുടെ മൊഴി ഇന്ന് രേഖപ്പെടുത്തി.
ബാർ കോഴ വിവാദത്തില്‍ അന്വേഷണ സംഘത്തിന്‍റെ മൊഴിയെടുപ്പ് തുടരുകയാണ്. കേസിൽ പുറത്ത് വന്ന ഓഡിയേ സന്ദേശമിട്ട അനിമോനില്‍ നിന്ന് നേരത്തെ ക്രൈംബ്രാഞ്ച് മൊഴിയെടുത്തിരുന്നു. പണം നൽകിയെന്ന് അനിമോൻ വെളിപ്പെടുത്തിയ അണക്കരയിലെ സ്‌പൈസ് ഗ്രോവ് എന്ന ഹോട്ടലിന്‍റെ ഉടമ അരവിന്ദാക്ഷന്റെ മൊഴിയും ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിട്ടുണ്ട്. അനിമോനും ഈ ഹോട്ടലിൽ പങ്കാളിയാണ്. ബാർ കോഴയിൽ നിലവിൽ പ്രാഥമിക അന്വേഷണമാണ് നടക്കുന്നത്. സംഭവത്തിൽ വ്യക്തത വരുത്തിയതിന് ശേഷം തുടർനടപടികളിലേക്ക് കടക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.
വ്യാഴാഴ്ച കൊച്ചിയിൽ നടന്ന ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷന്റെ യോഗത്തിന് പിന്നാലെ ഇടുക്കിയിലെ ബാർ ഉടമകളുടെ വാട്‌സാപ്പ് ഗ്രൂപ്പിൽ അനിമോനിട്ട ശബ്ദസന്ദേശമാണ് കേസിന്റെ തുടക്കം. ബാർ ഉടമകളിൽ നിന്നും പണപ്പിരിവ് വെളിപ്പെടുത്തിയെന്നായിരുന്നു ശബ്ദസന്ദേശം. ബാർ ഉടമകളുടെ യോഗം നടന്ന കൊച്ചിയിലെ ഹോട്ടലിലെത്തി സിസിടിവി ദൃശ്യങ്ങൾ അടക്കമുള്ള തെളിവുകളും അന്വേഷണ സംഘം പരിശോധിക്കും.