പേ വിഷബാധ, വാക്‌സിന്‍ ഗുണനിലവാരത്തെ കുറിച്ച് അന്വേഷണം നടത്താതെ ആരോഗ്യവകുപ്പ്

പേവിഷബാധമൂലമുള്ള മരണങ്ങള്‍ വര്‍ധിക്കുമ്പോഴും ആരോഗ്യവകുപ്പിന്റെ ഭാഗത്ത് നിന്നുള്ള അലംഭാവം തുടരുകയാണ്. വാക്‌സിന്റെ ഗുണനിലവാരത്തെ കുറിച്ച് അന്വേഷിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുപോലും ആരോഗ്യവകുപ്പ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല.

പേവിഷ വാക്‌സിനെടുത്തിട്ടും ആളുകള്‍ മരണപ്പെടുന്നത് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തിര പ്രമേയമായി ഉന്നയിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയും ആശങ്ക പങ്കുവെച്ചത്. പക്ഷെ മുഖ്യമന്ത്രി ആവശ്യപ്പെട്ട അന്വേഷണം ഇതുവരെ ആരോഗ്യവകുപ്പ് തുടങ്ങിയില്ല. വാക്‌സിനെക്കുറിച്ചുള്ള പരിശോധന ദുരൂഹസാഹചര്യത്തിലെ മരണങ്ങളുടെ അന്വേഷണത്തോടൊപ്പം നടത്തുമെന്നായിരുന്നു അന്ന് ആരോഗ്യവകുപ്പിന്റെ വിശദീകരണം.

കഴിഞ്ഞ 26നാണ് ആരോഗ്യമന്ത്രി വിദഗ്ദസമിതിയെ വെച്ചുള്ള അന്വേഷണം പ്രഖ്യാപിച്ചത്. രണ്ടാഴ്ച്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ടെന്നായിരുന്നു നിര്‍ദേശം. പ്രഖ്യാപനം വന്നിട്ട് 9 ദിവസമാകുന്നു. വിദഗ്ദരെ കണ്ടെത്തി സമിതി ഉണ്ടാക്കി കുറ്റമറ്റ സംവിധാനമാക്കുവാനാണ് സമയമെടുക്കുന്നത് എന്നാണ് ന്യായീകരണം. പേവിഷ വാക്‌സിനെടുത്തിട്ടും 5 പേര്‍ മരിച്ചതില്‍, വാക്‌സിന്‍ ഗുണനിലവാരം വില്ലനായിട്ടില്ലെന്നാണ് ഇപ്പോഴും സര്‍ക്കാര്‍ വിശദീകരിക്കുന്നത്.

അതേസമയം, പത്തനംതിട്ടയില്‍ തെരുവുനായ ആക്രമണത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട 12 വയസ്സുകാരിയുടെ നില ഗുരുതരമായി തുടരുകയാണ്. കോട്ടയം മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്ററിലാണ് കുട്ടി. പേവിഷബാധയുടെ ലക്ഷണങ്ങളാണ് കുട്ടി പ്രകടിപ്പിക്കുന്നതെങ്കിലും കുട്ടിക്ക് പേവിഷബാധയെ ഏറ്റിട്ടുണ്ടോ എന്ന കാര്യത്തില്‍ സ്ഥിരീകരണം ആയിട്ടില്ല.