'കലക്കവെള്ളത്തിൽ മീൻ പിടിക്കരുത്'; മുണ്ടക്കൈ - ചൂരൽമല പുനരധിവാസത്തിൽ കേന്ദ്രത്തോട് ഹൈക്കോടതി

മുണ്ടക്കൈ-ചൂരൽമല പുനരധിവാസവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. കലക്കവെള്ളത്തിൽ മീൻ പിടിക്കരുതെന്നും സമയ പരിധിയിൽ വ്യക്തത വരുത്തണമെന്നും കേന്ദ്രത്തോട് ഹൈക്കോടതി പറഞ്ഞു. ഡൽഹിയിലുള്ള ഉദ്യോഗസ്ഥൻ കോടതിയുടെ മുകളിലാണ് എന്നാണോ കരുതുന്നതെന്നും ഹൈക്കോടതി ചോദിച്ചു.

പുനരധിവാസ ത്തിനായുള്ള ഫണ്ട് നൽകുന്നതിലെ നിബന്ധനകളിൽ വ്യക്തത വരുത്തി സത്യവാങ്മൂലം നൽകാത്തതിൽലാണ് കേന്ദ്ര സർക്കാരിനെതിരെ ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചത്. യഥാസമയം സത്യവാങ്മൂലം തൽകാത്തതിന് കേന്ദ്ര സർക്കാരിന്റെ അഭിഭാഷകനോട് ഡിവിഷൻ ബെഞ്ച് ക്ഷുഭിതരായി. ചുമതലയുള്ള ഉദ്യോഗസ്ഥനെ അടുത്ത വിമാനത്തിൽ ഇവിടെ എത്തിക്കാൻ കഴിയുമെന്നും ഹൈക്കോടതി വാദത്തിനിടെ പറഞ്ഞു.

അതേസമയം നിബന്ധനകളിൽ വ്യക്തത വരുത്തി തിങ്കളാഴ്ച തന്നെ സത്യവാങ്മൂലം നൽകാൻ കേന്ദ്ര സർക്കാരിന് ഹൈക്കോടതി കർശന നിർദ്ദേശം നൽകി. അതേസമയം ദുരന്ത ബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളുന്നതിൽ അന്തിമ തീരുമാനമെടുക്കേണ്ടതും കേന്ദ്ര സർക്കാരാണെന്ന് ഹൈക്കോടതി ഓർമ്മിപ്പിച്ചു. ചില ബാങ്കുകൾ വായ്പ തിരിച്ചുപിടിക്കാൻ നടപടി തുടങ്ങിയെന്നും ഇക്കാര്യത്തിലും നിലപാടെടുക്കേണ്ടത് കേന്ദ്ര സർക്കാരാണെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.