അതിജീവിതയെ അപമാനിക്കുന്ന വിധത്തില്‍ വാര്‍ത്തകള്‍ നല്‍കുന്നത് അവരുടെ ഭാവിക്കു തന്നെ ദോഷകരമായി ബാധിക്കുന്നതിനാല്‍ മാധ്യമങ്ങള്‍ ശ്രദ്ധിക്കണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. പന്തീരങ്കാവ് ഗാര്‍ഹിക പീഡന കേസിലെ അതിജീവിതയെ പറവൂരിലെ വീട്ടിലെത്തി സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ.
അതിജീവിതയെ അപമാനിക്കുന്ന വിധത്തിലുള്ള വാര്‍ത്തകള്‍ മാധ്യമങ്ങള്‍ നല്‍കരുത്. കേസ് അന്വേഷണത്തെ തന്നെ തടയുന്ന വിധത്തിലാണ് തെറ്റായ വാര്‍ത്തകള്‍ ചിലര്‍ നല്‍കുന്നത്. ഈ കേസില്‍, പരാതി വന്നതിനു ശേഷം പോലീസിനെയും നിയമ സംവിധാനങ്ങളെയും വെട്ടിച്ചു കൊണ്ട് കടന്നു കളഞ്ഞിട്ടുള്ള ആളുമായി ചാനലുകള്‍ ഫോണിലൂടെ സംസാരിച്ച് സ്വന്തം രക്ഷയ്ക്കു വേണ്ടി അയാള്‍ പറയുന്ന കാര്യങ്ങള്‍ കാണിക്കുന്നത് ഏറെ അപമാനം ഉണ്ടാക്കുന്ന കാര്യമാണ്.
പെണ്‍കുട്ടിക്ക് മാനസികമായി വളരെ പ്രയാസമുണ്ടാക്കുന്ന തെറ്റായ വാര്‍ത്തകള്‍ വരുന്നു. ഗാര്‍ഹിക പീഡന കേസുകളിലും ലൈംഗിക പീഡന കേസുകളിലുമൊക്കെ അതിജീവിതകള്‍ക്ക് സംരക്ഷണം നല്‍കാന്‍ ലക്ഷ്യമിട്ടുള്ള നിയമമാണ് നമ്മുടെ രാജ്യത്തുള്ളത്. അതിജീവിതയുടെ പേരു പോലും പുറത്തു പറയാന്‍ പാടില്ലെന്നാണ് നിയമം അനുശാസിക്കുന്നത്. മാധ്യമങ്ങള്‍ ഇതൊന്നും ശ്രദ്ധിക്കാതെ വളരെ അധിക്ഷേപകരമായി അതിജീവിതയെ അപമാനിക്കുന്ന രൂപത്തിലുള്ള പ്രസ്താവനകളും പ്രചാരണങ്ങളും നടത്തുന്നതില്‍ കര്‍ശനമായി ഇടപെടേണ്ടതായിട്ടുണ്ട്.
വിവാഹം കഴിഞ്ഞുള്ള ദിവസങ്ങളില്‍ കടുത്ത മാനസികവ്യഥകളിലൂടെയാണ് പെണ്‍കുട്ടി കടന്നു പോയത്. അച്ഛനും അമ്മയും ഭര്‍ത്തൃഗൃഹത്തിലേക്ക് എത്തിയതു കൊണ്ടുമാത്രമാണ് പെണ്‍കുട്ടിയുടെ ജീവന്‍ നഷ്ടപ്പെടാതിരുന്നത്. ഭര്‍ത്താവിന്റെ സുഹൃത്തിന്റെ ഇടപെടലും പരിശോധിക്കപ്പെടണം. ഈ സുഹൃത്തിനെതിരേ കേസ് എടുത്തിട്ടുണ്ടെന്നാണ് മനസിലാക്കുന്നത്. കേസ് അന്വേഷണം വളരെ ഗൗരവത്തോടെ കൈകാര്യം ചെയ്യുന്നതിന് പോലീസ് തയാറാകണം. വളരെ ആസൂത്രിതമായ രൂപത്തിലാണ് പെണ്‍കുട്ടിക്കെതിരായ പീഡനം നടന്നിട്ടുള്ളത്.
Read more
സ്വന്തം വീട്ടുകാരോട് മൊബൈലില്‍ സംസാരിക്കുന്നതിനു പോലും പെണ്‍കുട്ടിക്ക് അനുവാദം നല്‍കിയിരുന്നില്ല എന്നത് ഉള്‍പ്പെടെ പരിശോധിക്കേണ്ടതായിട്ടുണ്ട്. പെണ്‍കുട്ടിക്ക് കൗണ്‍സിലിംഗ് അനിവാര്യമാണെന്നു കണ്ടതിന്റെ അടിസ്ഥാനത്തില്‍ ഇതിനാവശ്യമായ സൗകര്യം വനിതാ കമ്മിഷന്‍ ലഭ്യമാക്കുമെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍, സഹോദരന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വാര്‍ഡ് മെമ്പര്‍ എന്നിവരുമായും വനിതാ കമ്മിഷന്‍ അധ്യക്ഷ സംസാരിച്ചു.