ആലപ്പുഴയിലെ ഇരട്ട കൊലപാതകങ്ങളുടെ അന്വേഷണത്തില്‍ നല്ല പുരോഗതിയുണ്ടെന്ന് എഡിജിപി വിജയ് സാഖറെ. കൊലപാതകത്തില്‍ ഉള്‍പ്പെട്ടവരുടെയെല്ലാം വിവരം ലഭിച്ചിട്ടുണ്ട്. നിരവധി പേരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കേസില്‍ പ്രതികളെ മുഴുവന്‍ തിരിച്ചറിഞ്ഞിട്ടില്ല. കൂടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും സാഖറെ അറിയിച്ചു.
കസ്റ്റഡിയില്‍ ഉള്ളവര്‍ എല്ലാം പ്രതികളാണോ എന്ന് അന്വേഷിച്ച് വരികയാണ്. ചോദ്യംചെയ്യല്‍ പൂര്‍ത്തിയാകുന്നതോടെ കേസില്‍ കൂടുതല്‍ വ്യക്തത വരും. കൊലപാതകത്തിന് പിന്നല്‍ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് പരിശോധിച്ച് വരികയാണ്. തെളിവുകള്‍ ലഭ്യമായിട്ടില്ല. നിലവില്‍ പ്രതികളെ കണ്ടെത്തുകയാണ് പ്രധാനമെന്ന് അദ്ദേഹം വ്യക്തമാക്കി.
ആലപ്പുഴയിലെ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ഷാനിന്റെ കൊലപാതകത്തില്‍ ഇതുവരെ രണ്ട് പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കൊലയ്ക്ക് ഉപയോഗിച്ച് ചില വാഹനങ്ങള്‍ അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. ഒബിസി മോര്‍ച്ചാ നേതാവ് രഞ്ജിത്തിന്റെ കൊലപാതകത്തില്‍ നിരവധി പേരെ ഇതിനോടകം ചോദ്യം ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. കൂടുതല്‍ പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മണ്ണഞ്ചേരിയില്‍ നിന്ന് ഒരു ബൈക്ക് കണ്ടെത്തിയിരുന്നു. ഇത് രഞ്ജിത്തിന്റെ കൊലപാതകത്തിന് ഉപയോഗിച്ചതാണ്.
Read more
അതേസമയം ഇരട്ട കൊലപാതകങ്ങളുടെ പഞ്ചാത്തലത്തില്‍ സമൂഹ മാധ്യമങ്ങളിലൂടെയും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. പ്രത്യേക സെല്‍ ഇതിനായി പ്രവര്‍ത്തിക്കുന്നുണ്ട്. പ്രകോപനപരമായ പോസ്റ്റുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് എഡിജിപി പറഞ്ഞു.