തിരുവനന്തപുരം നഗരത്തിലേക്ക് കുടിവെള്ള പമ്പിംഗ് ഭാഗികമായി തുടങ്ങി; ഉയര്‍ന്ന സ്ഥലങ്ങളില്‍ ഇന്നു വൈകിട്ടോടെ ജലമെത്തും; പ്രതിഷേധം അവസാനിപ്പിക്കാതെ ജനങ്ങള്‍

നഗരത്തില്‍ നാലുദിവസമായി മുടങ്ങിയ ജലവിതരണം വാട്ടര്‍ അതോറിറ്റി ഇന്നു പുലര്‍ച്ചെയോടെ ഭാഗികമായി പുനഃസ്ഥാപിച്ചു. ഉയര്‍ന്ന സ്ഥലങ്ങളില്‍ വൈകിട്ടോടെ ജലവിതരണം പൂര്‍വസ്ഥിതിയിലാകും. പിടിപി നഗറില്‍നിന്നുള്ള 700 എംഎം ഡിഐ പൈപ്പ് ലൈന്‍, നേമം ഭാഗത്തേക്കുള്ള 500 എംഎം ജലവിതരണ ലൈന്‍ എന്നിവയുടെ അലൈന്‍മെന്റ് മാറ്റുന്ന ജോലികള്‍മൂലമാണ് ജലവിതരണം മുടങ്ങിയത്.

കരമന മേലാറന്നൂര്‍ സിഐടി ഭാഗത്ത് റെയില്‍വേ ലൈനിന് അടിയിലെ 700 എംഎം പൈപ്പ് മാറ്റുന്ന പ്രവൃത്തി കഴിഞ്ഞ ദിവസം രാത്രിയോടെ 95 ശതമാനം പൂര്‍ത്തിയായിരുന്നു. എന്നാല്‍ വാല്‍വില്‍ ചോര്‍ച്ചയുണ്ടായതോടെ വീണ്ടും അഴിച്ച് ബന്ധിപ്പിക്കേണ്ടിവരികെയായിരുന്നു. പിടിപി നഗറില്‍നിന്നുള്ള ജലവിതരണം നിര്‍ത്തിവച്ചാലേ പ്രവൃത്തി പൂര്‍ത്തിയാക്കാനാകുമായിരുന്നുള്ളൂ. പിടിപി നഗറിലെ കുടിവെള്ള ടാങ്കുകളില്‍നിന്ന് ജലം ലഭിക്കുന്ന വട്ടിയൂര്‍ക്കാവ്, ശാസ്തമംഗലം ഭാ?ഗങ്ങളില്‍ ഇതോടെ കുടിവെള്ള വിതരണം മുടങ്ങിയിട്ടുണ്ട്.

അതേസമയം, തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള പ്രശ്‌നം അതിരൂക്ഷമായി തുടരുന്നതിനാല്‍ കേരള യൂണിവേഴ്‌സിറ്റി ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് യൂണിവേഴ്‌സിറ്റി അറിയിച്ചു. നേരത്തെ, കോര്‍പ്പറേഷന്‍ പരിധിയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.

Read more

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കോളജുകളില്‍ തിങ്കളാഴ്ച നടക്കുന്ന പ്രവേശന നടപടികള്‍ക്ക് മാറ്റമില്ലെന്നും കളക്ടര്‍ അറിയിച്ചു. തിങ്കളാഴ്ചത്തെ ഓണപരീക്ഷകളും മാറ്റിവച്ചിരിക്കുകയാണെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.