ദുബായിലെ ടൂറിസ്റ്റ് ബസ് അപകടം, മരിച്ച ഇന്ത്യാക്കാരുടെ എണ്ണം 12 ആയി

ദുബായില്‍ ടൂറിസ്റ്റ് ബസ് അപകടത്തില്‍ മരിച്ച ഇന്ത്യാക്കാരുടെ എണ്ണം 12 ആയി. ദുബായിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ആകെ 17 പേരാണ് അപകടത്തില്‍ മരിച്ചത്. അതില്‍ ആറ് പേര്‍ മലയാളികളാണ്. മരിച്ച ഇന്ത്യാക്കാരുടെ വിവരങ്ങള്‍ കോണ്‍സുല്‍ ജനറല്‍ ട്വിറ്ററിലൂടെയാണ് പുറത്ത് വിട്ടത്. കുറച്ച് മൃതദേഹങ്ങള്‍ കൂടി തിരിച്ചറിയാനുണ്ടെന്നും അധികൃതര്‍ പറയുന്നു.

മരിച്ച മലയാളികളില്‍ നാല് പേരെ തിരിച്ചറിഞ്ഞു. തലശ്ശേരി സ്വദേശികളായ ഉമ്മര്‍ ചോനോക്കടവത്ത്, മകന്‍ നബീല്‍ ഉമ്മര്‍, തിരുവനന്തപുരം സ്വദേശി ദീപക് കുമാര്‍, വാസുദേവന്‍, തൃശ്ശൂര്‍ സ്വദേശികളായ അറക്കാവീട്ടില്‍ മുഹമ്മദുണ്ണി ജമാലുദ്ദീന്‍, കിരണ്‍ ജോണി, എന്നിവരാണ് മരിച്ച മലയാളികള്‍. ദീപക് കുമാറിന്റെ ഭാര്യയും മകളുമടക്കം അഞ്ചുപേര്‍ പരിക്കുകളോടെ ദുബായി റാഷിദ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ അപകടനില തരണം ചെയ്തതായി അധികൃതര്‍ അറിയിച്ചു.

ബസില്‍ 31 പേര്‍ ഉണ്ടായിരുന്നതായി ദുബായ് പൊലീസ് സ്ഥിരീകരിച്ചു. മസ്‌കറ്റില്‍ നിന്ന് ദുബായിലേക്ക് വന്ന ബസ്സാണ് അപകടത്തില്‍ പെട്ടത്. ഒമാനില്‍ നിന്ന് ഈദ് അവധി ആഘോഷിച്ച് തിരികെ വരുന്ന വഴിയാണ് അപകടം. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റി. ഡിവൈഡറിലേക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായിരിക്കുന്നത്.