പൊലീസ് സ്റ്റേഷന് മുന്നില്‍ ബൈക്ക് പാര്‍ക്ക് ചെയ്ത് അകത്തുകയറി; തിരിച്ചിറങ്ങുമ്പോള്‍ ഡിവൈഎഫ്‌ഐ നേതാവിന്റെ ബൈക്ക് കാണാനില്ല

പൊലീസ് സ്റ്റേഷനിലെത്തിയ ഡിവൈഎഫ്‌ഐ നേതാവിന്റെ ബൈക്ക് സ്റ്റേഷന് മുന്നില്‍ നിന്ന് മോഷണം പോയതായി പരാതി. പാലക്കാട് ടൗണ്‍ സൗത്ത് സ്റ്റേഷനിലെത്തിയ ഡിവൈഎഫ്‌ഐ നേതാവ് വിനോദിന്റെ ബൈക്കാണ് മോഷണം പോയത്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ഒരു പരാതി തീര്‍പ്പാക്കുന്നതുമായി ബന്ധപ്പെട്ടാണ് വിനോദ് സ്‌റ്റേഷനിലെത്തിയത്.

തുടര്‍ന്ന് പൊലീസ് സ്റ്റേഷന് മുന്നില്‍ ബൈക്ക് പാര്‍ക്ക് ചെയ്ത ശേഷം വിനോദ് സ്‌റ്റേഷനുള്ളിലേക്ക് കടന്നു. വിനോദ് സ്റ്റേഷന്റെ അകത്തു കയറി സംസാരിച്ചു തിരിച്ചിറങ്ങി വന്നപ്പോള്‍ ബൈക്ക് കാണാനില്ലായിരുന്നു. സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ഒരാള്‍ വിനോദിന്റെ ബൈക്കുമായി കടന്നുകളയുന്നത് കാണാം.

ഉടന്‍തന്നെ പൊലീസ് സ്റ്റേഷനില്‍ വിനോദ് പരാതി നല്‍കി. ഹീറോ പാഷന്‍ പ്ലസ് ബൈക്കാണ് മോഷണം പോയത്. പൊലീസ് എഫ്‌ഐആര്‍ ഇട്ട് അന്വേഷണം ആരംഭിച്ചു. എന്നാല്‍ ഇതുവരെ പ്രതിയുടെ വിവരങ്ങള്‍ ഒന്നും തന്നെ ലഭ്യമായിട്ടില്ല.