ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ കൊടിയ പീഡനങ്ങള്‍; മിഹിര്‍ അഹമ്മദിന്റെ മരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്

എറണാകുളം തൃപ്പൂണിത്തുറയില്‍ റാഗിംഗിനെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥി ഫ്‌ളാറ്റില്‍ നിന്ന് ചാടി ജീവനൊടുക്കിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സംഭവത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്താനും മേല്‍ നടപടികള്‍ എന്തൊക്കെ കൈക്കൊള്ളണം എന്ന് നിര്‍ദ്ദേശിക്കാനും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് ആവശ്യപ്പെട്ടതായി വി ശിവന്‍കുട്ടി അറിയിച്ചു.

ജനുവരി 15ന് ആയിരുന്നു ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ പതിനഞ്ചുകാരന്‍ മിഹിര്‍ അഹമ്മദ് ജീവനൊടുക്കിയത്. തുടര്‍ന്ന് മിഹിറിന്റെ മാതാവ് സംഭവത്തിന് പിന്നില്‍ സ്‌കൂളിലെ നിരന്തര പീഡനങ്ങള്‍ കാരണമായെന്ന് വെളിപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്ന് സംഭവം വലിയ ചര്‍ച്ചയ്ക്ക് വഴിവച്ചു.

ഇതിന് പിന്നാലെയാണ് അന്വേഷണത്തിന് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടത്. കുട്ടിയെ നിരന്തരം സഹപാഠികള്‍ മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ക്ക് വിധേയമാക്കിയതായാണ് മാതാവിന്റെ വെളിപ്പെടുത്തല്‍. ഇത് സാധൂകരിക്കുന്ന ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകളും ഇതോടകം പുറത്തുവന്നിട്ടുണ്ട്.

സംസ്ഥാനത്തെ ഓരോ സ്‌കൂളും സംസ്ഥാന സര്‍ക്കാരില്‍ നിന്ന് നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്. അവിടങ്ങളില്‍ പഠിക്കുന്ന എല്ലാ കുട്ടികളും കേരളത്തിന്റെ മക്കളാണ്. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷിക്കാനും മേല്‍ നടപടികള്‍ എന്തൊക്കെ കൈക്കൊണേണം എന്ന് നിര്‍ദ്ദേശിക്കാനും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Read more

സംസ്ഥാനത്തെ ഏതെങ്കിലും സ്‌കൂളില്‍, അത് ഏത് സ്ട്രീമില്‍പ്പെട്ട സ്‌കൂള്‍ ആകട്ടെ, സമൂഹനന്മയ്ക്ക് നിരക്കാത്ത പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍ അത് കണ്ടെത്താനും തടയാനും സ്ഥാപനത്തിന് എതിരെ അടക്കം ശക്തമായ നടപടിയെടുക്കാനും നിയമഭേദഗതി ആവശ്യമെങ്കില്‍ അക്കാര്യം പരിഗണിക്കുമെന്ന് മന്ത്രി പ്രസ്താവനയില്‍ വ്യക്തമാക്കി.