ദുരന്ത ഭൂമിയ്ക്ക് അരികെ വരെ വൈദ്യുതിയെത്തി; ആശുപത്രികളില്‍ വൈദ്യുതിയെത്തിച്ചത് ബാക്ക് ഫീഡിങ്ങിലൂടെ; കര്‍മ്മ നിരതരായി കെഎസ്ഇബിയും

വയനാട്ടിലെ ദുരന്ത ഭൂമിയായ ചൂരല്‍മല മുണ്ടക്കൈ പ്രദേശങ്ങളില്‍ ഒഴികെ മറ്റിടങ്ങളില്‍ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുന്നതായി കെഎസ്ഇബി. ചൂരല്‍മല മുണ്ടക്കൈ പ്രദേശങ്ങളില്‍ മൂന്ന് കിലോമീറ്ററിലേറെ ഹൈ ടെന്‍ഷന്‍ ലൈനുകളും എട്ടു കിലോമീറ്ററിലേറെ ലോ ടെന്‍ഷന്‍ ലൈനുകളും പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്.

ഉരുള്‍പൊട്ടലില്‍ രണ്ട് ട്രാന്‍സ്ഫോര്‍മറുകള്‍ ഒഴുകി കാണാതാവുകയും ആറ് ട്രാന്‍സ്ഫോര്‍മറുകള്‍ തകര്‍ന്ന് നിലംപൊത്തുകയും ചെയ്തു. എന്നാല്‍ ദുരന്തഭൂമിയുടെ സമീപം വരെയുള്ള മേഖലയിലെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചിട്ടുണ്ട്. നിലവില്‍ മേപ്പാടി ടൗണിലും പ്രധാന ആശുപത്രികളായ വിംസ് മെഡിക്കല്‍ കോളേജ്, മേപ്പാടി ഗവണ്മെന്റ് ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലും വൈദ്യുതി വിതരണം ഉറപ്പു വരുത്തിയിട്ടുള്ളതായി കെഎസ്ഇബി വ്യക്തമാക്കി.

ഉരുള്‍പൊട്ടല്‍ നടന്ന പ്രദേശത്ത് പ്രധാനപ്പെട്ട ഒരു പാലവും റോഡുകളും ഒലിച്ചുപോയതിനാല്‍ വൈദ്യുതി പുനഃസ്ഥാപന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ സാധിച്ചിട്ടില്ല. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തീകരിച്ചാല്‍ മാത്രമേ ഈ പ്രവര്‍ത്തനം ആരംഭിക്കാനാകൂ. വൈദ്യുതി പുനഃസ്ഥാപനത്തിന് ആവശ്യമായ സാമഗ്രികളും ലഭ്യമാക്കിയിട്ടുണ്ട്.

ഉരുള്‍പൊട്ടല്‍ ഉണ്ടായ ചൂരല്‍മല പ്രദേശത്തും സബ് എഞ്ചിനിയറുടെ നേതൃത്വത്തില്‍ 2 ടീമുകളെ വാഹനസഹിതം 24 മണിക്കൂറും തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ട്. കല്‍പ്പറ്റ 33 കെ വി സബ്സ്റ്റേഷനില്‍ വെള്ളം കയറിയിട്ടുള്ളതിനാല്‍ അവിടെ നിന്നുള്ള വൈദ്യുതി വിതരണം തടസപ്പെട്ടിട്ടുണ്ട്. കല്‍പ്പറ്റ ടൗണിലും പ്രധാനപ്പെട്ട ആശുപത്രികള്‍ എന്നിവിടങ്ങളിലും ബാക്ക് ഫീഡിങ്ങിലൂടെ വൈദ്യുതി എത്തിച്ചിട്ടുണ്ട്

വടകര സര്‍ക്കിളിനു കീഴില്‍ ഉരുള്‍പൊട്ടലും വെള്ളക്കെട്ടും കാരണം പരപ്പുപാറ, പാറക്കടവ് എന്നീ സെഷനുകളിലെ മുഴുവന്‍ ഫീഡറും നിലവില്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. പ്രാഥമികമായ വിലയിരുത്തലില്‍ നാദാപുരം ഡിവിഷന്റെ കീഴില്‍ 24 ട്രാന്‍സ് ഫോര്‍മറുകള്‍ വെള്ളം കയറിയതിനാല്‍ വൈദ്യുതി ബന്ധം പുനസ്ഥാപിച്ചാലും ചെയ്താലും ചാര്‍ജ് ചെയ്യാന്‍ പറ്റാത്ത സാഹചര്യമാണ്.