ശബരിമലയില്‍ ബുക്കിംഗ് കൂടാതെ പ്രവേശിക്കും; തടഞ്ഞാല്‍ പ്രതിഷേധിക്കുമെന്ന് കെ സുരേന്ദ്രന്‍

ശബരിമല ദര്‍ശനത്തിന് ഇത്തവണ വെര്‍ച്വല്‍ ക്യൂ മാത്രമാക്കാനുള്ള തീരുമാനത്തെ എതിര്‍ത്ത് ബിജെപി രംഗത്ത്. ശബരിമലയില്‍ ബുക്കിംഗ് കൂടാതെ തന്നെ പ്രവേശിക്കുമെന്നും തടഞ്ഞാല്‍ പ്രതിഷേധങ്ങള്‍ ഉണ്ടാകുമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ മുന്നറിയിപ്പ് നല്‍കി. സ്‌പോട്ട് ബുക്കിംഗ് വഴി തീര്‍ത്ഥാടനം നടത്താന്‍ അനുവദിക്കണമെന്നാണ് ബിജെപിയുടെ ആവശ്യം.

സ്‌പോട്ട് ബുക്കിംഗ് വഴി ദര്‍ശനം നടത്താന്‍ സര്‍ക്കാര്‍ അനുവദിച്ചില്ലെങ്കില്‍ തീര്‍ത്ഥാടകര്‍ക്കൊപ്പം ശബരിമലയില്‍ തങ്ങളുണ്ടാകുമെന്നും ബിജെപി അധ്യക്ഷന്‍ വ്യക്തമാക്കി. സ്‌പോട്ട് ബുക്കിംഗ് അനുവദിക്കില്ലെന്ന ദേവസ്വം ബോര്‍ഡ് നിലപാട് ശബരിമലയെ വീണ്ടും സംഘര്‍ഷഭരിതമാക്കാനുള്ള ഇടത് സര്‍ക്കാരിന്റെ ആസൂത്രിത നീക്കമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര്‍ വിബാബു പ്രതികരിച്ചു.

Read more

അതേസമയം സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയും വെര്‍ച്വല്‍ ക്യൂ മാത്രമാക്കാനുള്ള തീരുമാനത്തെ എതിര്‍ത്ത് രംഗത്തെത്തിയിട്ടുണ്ട്. ശബരിമലയില്‍ സ്‌പോട്ട് ബുക്കിംഗ് വേണ്ടന്ന തീരുമാനം സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇക്കാര്യം പാര്‍ട്ടി സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടുവെന്നും സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അറിയിച്ചു.