പാര്‍ട്ടിയില്‍ ഓരോരുത്തരും ഇപ്പോള്‍ നേതാക്കള്‍, കൂടിയാലോചന ഉണ്ടായേ മതിയാകൂ: ഷാനിമോള്‍ ഉസ്മാന്‍

പാര്‍ട്ടിയില്‍ ഇപ്പോള്‍ ഓരോരുത്തരും നേതാക്കളാണെന്ന് കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്‍. പാര്‍ട്ടിയില്‍ കൂടിയാലോചന ഇല്ല. പിടി തോമസിന്റെ ഭാര്യയാണ് മത്സരിക്കുന്നതെങ്കിലും തൃക്കാക്കരയിലേത് രാഷ്ട്രീയ പോരാട്ടമാണെന്ന് ഷാനിമോള്‍ ഉസ്മാന്‍ മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിച്ചു.

കോണ്‍ഗ്രസിനകത്ത് ജനാധിപത്യമുണ്ട്. ആരെങ്കിലും ഒന്നോ രണ്ടോ പേര്‍ ജനാധിപത്യമില്ല എന്ന് പറയുകയോ, അഭിപ്രായം പറയണ്ടെന്നോ തീരുമാനിച്ചാല്‍ അങ്ങനെയൊന്നും പാര്‍ട്ടിയെ കൊണ്ടുപോകാന്‍ കഴിയില്ല. കൂടിയാലോചന ഉണ്ടായേ മതിയാകൂ. ഗ്രൂപ്പില്ലാത്ത കോണ്‍ഗ്രസാണ് ഇപ്പോള്‍ കേരളത്തില്‍ നിലനില്‍ക്കുന്നത്. നേരത്തെ ഗ്രൂപ്പ് ഉണ്ടായിരുന്ന കാലത്ത് ഗ്രൂപ്പ് നേതാക്കളാണ് ഇടപെട്ട് എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുകയും, അണികളോട് കൃത്യമായി നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തിരുന്നത്.

എന്നാല്‍ ഇന്ന് അതിന് കഴിയാത്ത സാഹചര്യമാണ്. ഇന്ന് ഓരോരുത്തരും നേതാക്കന്മാരാണ്. ഓരോരുത്തരുടേയും അഭിപ്രായങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്. അതിനെല്ലാം പ്രാപ്തമായി നേതൃത്വം മാറണമെന്നാണ് പ്രതീക്ഷയെന്നും ഷാനിമോള്‍ പറഞ്ഞു.

സ്ഥാനാര്‍ത്ഥിയെ എപ്പോള്‍ പ്രഖ്യാപിക്കുന്നു എന്നതല്ല തിരഞ്ഞെടുപ്പ് വിജയത്തിന്റെ പ്രധാന കാരണം. മുന്‍കൂട്ടി പ്രഖ്യാപിക്കുന്നത് നല്ലത് തന്നെയാണ്. തൃക്കാക്കരയിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ വേണ്ടത്ര കൂടിയാലോചന ഉണ്ടായില്ലെന്നാണ് ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞത്.