വിനോദയാത്രയ്ക്ക് പോയ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യ വിഷബാധ: അടിയന്ത ഇടപെടലുമായി മന്ത്രി; ഭക്ഷണം നല്‍കിയ സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദാക്കി

ഭക്ഷ്യ വിഷബാധ സംശയിക്കുന്ന കേസ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി. എറണാകുളത്ത് വിനോദയാത്രയ്ക്ക് പോയ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഭക്ഷണം നല്‍കിയ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിക്കുകയും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. അന്വേഷണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് കൂടുതല്‍ നടപടികള്‍ സ്വീകരിക്കും. പത്തനംതിട്ട ഹോസ്റ്റലില്‍ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തിയതായുള്ള പരാതിയില്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ ഹോസ്റ്റല്‍ സന്ദര്‍ശിച്ച് നടപടി സ്വീകരിക്കുമെന്നറിയിച്ചു.

ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധനകള്‍ തുടരുന്നു. കാറ്ററിംഗ് യൂണിറ്റുകള്‍ കേന്ദ്രീകരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സിന്റെ നേതൃത്വത്തില്‍ കഴിഞ്ഞയാഴ്ച പരിശോധന നടത്തിയിരുന്നു. 28 സ്‌ക്വാഡുകളായി തിരിഞ്ഞ് 186 സ്ഥാപനങ്ങളിലാണ് പരിശോധനകള്‍ നടത്തിയത്. 10 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു. ഹോസ്റ്റലുകള്‍ കേന്ദ്രീകരിച്ചും പരിശോധന നടത്തിയിരുന്നു. ഈ പരിശോധനകള്‍ ശക്തമായി തുടരുന്നതാണ്. പഴകിയ ഭക്ഷണം നല്‍കാനോ ഭക്ഷണത്തില്‍ മായം ചേര്‍ക്കാനോ പാടില്ല. ഭക്ഷ്യ സ്ഥാപനങ്ങള്‍ക്ക് രജിസ്‌ട്രേഷനോ ലൈസന്‍സോ നിര്‍ബന്ധമാണ്. ജിവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാണ്. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.